ന്യൂഡല്‍ഹി: നരേന്ദ്ര മോദി എന്ന 'ക്രൗഡ് പുള്ളറും' അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യനുമാണ് ഭാരതീയ ജനതാപാര്‍ട്ടിയെന്ന ബി.ജെ.പിയുടെ മുഖം. കേവലം ഒരു സംസ്ഥാനത്തില്‍ നിന്നും ഹിന്ദി ഹൃദയ ഭൂമികയൊന്നാകെ പിടിച്ചടക്കി ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തിലും ഏറ്റവും അവസാനമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അധികാരമുറപ്പിച്ചാണ് ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരശക്തിയായി ബി.ജെ.പി വളര്‍ന്നത്. എന്നാല്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബി.ജെ.പിയുടെ തളര്‍ച്ചയും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയെ കൈയ്യൊഴിഞ്ഞു. രണ്ടിടത്തും കോണ്‍ഗ്രസാണ് വിജയിച്ചിരിക്കുന്നത്. മധ്യപ്രദേശിലാകട്ടെ തെരഞ്ഞെടുപ്പ് ഫലം മാറിമറിയുകയും ചെയ്യുന്നു. രണ്ടു സംസ്ഥാനങ്ങള്‍ നഷ്ടമായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 15 ല്‍നിന്നും 12 ആയി ചുരുങ്ങി.
Also Read ഇവരില്‍ ആരാകും ഛത്തീസ്ഗഡ് മുഖ്യമന്ത്രി
Also Read ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് 'അജിത് ജോഗി'
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നില്‍ നിന്നും നാലായി ഉയരുകയും ചെയ്തു. മിസോറാം, പുതിച്ചേരി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്നത്. ഇതില്‍ മിസോറാം എം.എന്‍.എഫ് പിടിച്ചെടുത്തെങ്കിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം പിടിച്ചെടുക്കാനായി. മധ്യപ്രദേശിലെ അന്തിമഫലം എന്തുതന്നെയായാലും ബി.ജെ.പിക്ക് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.
ഈ മൂന്നു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2019-ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഉറപ്പാണ്. ഈ സംസ്ഥാനങ്ങളില്‍ 226 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്ക്കുന്നതും. 2014-ലെ തെരഞ്ഞെടുപ്പില്‍ ഈ 226 സീറ്റുകളില്‍ 192 എണ്ണമാണ് ബിജെപി നേടിയത്. ഇതാണ് അധികാരത്തിലെത്താന്‍ ബി.ജെ.പിക്ക് നിര്‍ണായകമായതും.
ഭരണവിരുദ്ധ വികാരം ഹിന്ദു ഹൃദയ ഭൂമിയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ ശക്തമായതിനാല്‍ 2014 ലേതുപോലെ ബി.ജെ.പിക്ക് ജയം എളുപ്പമല്ല. കൂടതെ ബീഹാറിലും ജാര്‍ഖണ്ഡിലും ഹരിയാനയിലും ഉത്തരാഖണ്ഡിലുമൊക്കെ ബി.ജെ.പിക്ക് എതിരായ രാഷ്ട്രീയ ഘടകങ്ങളും നിരവധിയാണ്. ഇതൊക്കെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിരാകുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amith Shah, Assembly Elections Result 2018, Bjp, Congress, Narendra modi, കോൺഗ്രസ്, നിയമസഭ തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി