ന്യൂഡൽഹി: കേന്ദ്ര പൊതുബജറ്റ് രേഖകൾ അച്ചടിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ഹൽവ തയാറാക്കൽ ചടങ്ങ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അസാന്നിധ്യത്തിൽ നടന്നു. ധനവകുപ്പിലെ ഉന്നതരാണ് ഹൽവ തയാറാക്കി ഈ വർഷത്തെ ബജറ്റ് നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി ഒന്നിനാണ് ഇത്തവണ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. എൻഡിഎ അധികാരത്തിൽ വന്നശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കൂടാതെ ഹൽവ തയാറാക്കൽ ചടങ്ങ് നടക്കുന്നത് ഇതാദ്യമാണ്.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി അമേരിക്കയിൽ കാൻസറിന് ചികിത്സയിലാണ്. ഈ മാസം അവസാനത്തോടെ ചികിത്സ പൂർത്തിയാക്കി അരുൺ ജെയ്റ്റ്ലി മടങ്ങിയെത്തുമെന്നാണ് വിവരം. ഹൽവ തയാറാക്കി വിതരണം ചെയ്യുന്നതോടെയാണ് ബജറ്റ് നടപടിക്രമങ്ങൾക്ക് തുടക്കമാകുക. ഇന്നുമുതൽ ബജറ്റ് അവതരിപ്പിക്കുന്നതുവരെ ഉദ്യോഗസ്ഥർക്കും അവരുടെ കീഴിലുള്ള ജീവനക്കാർക്കും സ്വന്തം വീടുകളിലേക്ക് പോലും പോകാൻ സാധിക്കില്ല. പാർലമെന്റിലെ നോർത്ത് ബ്ലോക്കിൽ തന്നെ ഇവർ തങ്ങും. ഹൽവ തയാറാക്കൽ ചടങ്ങിന് പിന്നാലെയുള്ള ഈ നിയന്ത്രണം ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണ്. വളരെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് വീടുകളിലേക്ക് പോകാൻ അനുമതി ലഭിക്കുക.
സഹമന്ത്രിമാരായ ശിവ പ്രതാപ് ശുക്ലയും പൊൻ രാധാകൃഷ്ണനും ഹൽവ തയാറാക്കൽ ചടങ്ങിൽ പങ്കെടുത്തു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കൊപ്പം മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് എന്നിവരും സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും കഴിഞ്ഞ വർഷത്തെ ഹൽവ തയാറാക്കൽ ചടങ്ങിൽ പങ്കെടുത്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.