• HOME
 • »
 • NEWS
 • »
 • india
 • »
 • 'പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം, ധരിച്ചില്ലെങ്കിൽ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

'പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം, ധരിച്ചില്ലെങ്കിൽ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണ്, സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു

(Image: AFP/File)

(Image: AFP/File)

 • Last Updated :
 • Share this:
  ന്യൂഡൽഹി: കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari) പറഞ്ഞു. മുംബൈയിലുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ റോഡ് സുരക്ഷയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന അജണ്ടയെന്ന് ഗഡ്കരി പറഞ്ഞു. നിയമം അനുസരിച്ച് പിൻസീറ്റിലെ ബെൽറ്റ് ചട്ടങ്ങൾ പാലിക്കാത്ത ഒരു രാജ്യത്ത് റോഡ് സുരക്ഷയെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു പുതിയ പാഠമായിരുന്നു ഈ സംഭവം.

  “അപകടത്തിന്റെ കാരണത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങൾ ഇപ്പോൾ പറയുന്നത് വളരെ നേരത്തെയായിപോകും. പക്ഷേ, അദ്ദേഹത്തിന്റെ അപകടം നിർഭാഗ്യകരമാണ്. സൈറസ് മിസ്ത്രി എന്റെ അടുത്ത സുഹൃത്തായിരുന്നു... കാരണം കണ്ടെത്തി കാര്യങ്ങൾ ശരിയാക്കും, എന്നാൽ നിലവിൽ ഞങ്ങൾക്ക് റിപ്പോർട്ടുകളൊന്നുമില്ല. ഒരു കാര്യം വളരെ പ്രധാനമാണ്, റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണ്, ഈ സംഭവം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു, ”ഗഡ്കരി സിഎൻഎൻ-ന്യൂസ് 18നോട് പറഞ്ഞു.

  Also Read- Cyrus Mistry | ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റർ; സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് സൈറസ് മിസ്ത്രിയുടെ ജീവനെടുത്തു

  പിന്നിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാൽ കൂടുതൽ കർശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും ഗഡ്കരി പറഞ്ഞു. പിൻസീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം സംവിധാനം ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  “യഥാർത്ഥത്തിൽ, പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം ഇപ്പോൾ തന്നെയുണ്ട്. സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. മുന്നിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാറം മുഴങ്ങും. ഇപ്പോൾ, ഞങ്ങൾ ഒരു നിയമം ഉണ്ടാക്കുകയാണ്, അതിലൂടെ വാഹന നിർമാതാക്കൾ പിൻസീറ്റിനും അത് ബാധകമാക്കും. പുറകിൽ ബെൽറ്റ് ധരിക്കാത്തവരെ കണ്ടാൽ 1000 രൂപ പിഴ ചുമത്തും. പക്ഷേ, നമ്മുടെ ലക്ഷ്യം ആളുകളെ ശിക്ഷിക്കുകയല്ല, ജീവൻ രക്ഷിക്കാൻ നിയമത്തെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യണമെന്ന് ബോധവൽക്കരിക്കുക, 2024 അവസാനത്തോടെ 50 ശതമാനം അപകടങ്ങളും 50 ശതമാനം മരണങ്ങളും കുറയ്ക്കുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷേ അസാധ്യമല്ല.

  Also Read- സൈറസ് മിസ്ത്രിയുടെ അപകടമരണം: കാറോടിച്ചിരുന്നത് മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റെന്ന് പൊലീസ്

  കാറുകൾക്കുള്ളിൽ ആറ് എയർബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ സംസാരിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. “കാറുകൾക്ക് ആറ് എയർബാഗുകൾ ഉണ്ടായിരിക്കണമെന്ന് ഇതിനകം തന്നെ വാഹന നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്, ഓട്ടോമൊബൈൽ വ്യവസായ മേഖല സർക്കാരിനോട് സഹകരിക്കുമെന്ന് ഉറപ്പുണ്ട്. ഒരു എയർബാഗിന്റെ വില 1,000 രൂപ, ആറെണ്ണത്തിന് 6,000 രൂപയാകും, പക്ഷേ വില പ്രധാനമല്ല. ജീവൻ രക്ഷിക്കണം, അതാണ് ഏറ്റവും പ്രധാനം," അദ്ദേഹം കൂട്ടിച്ചേർത്തു.

  പിൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ, കേന്ദ്ര മോട്ടോർ വെഹിക്കിൾ റൂൾസിന്റെ (CMVR) റൂൾ 138 (3) പ്രകാരം 1,000 രൂപ പിഴ ഈടാക്കുന്നുണ്ടെങ്കിലും, മിക്കവരും ഈ നിയമം അറിയുന്നില്ല, അല്ലെങ്കിൽ അവ അവഗണിക്കുകയാണ്. അടുത്തിടെയുള്ള റോഡ് മന്ത്രാലയ റിപ്പോർട്ട് അനുസരിച്ച്, 2020 ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തവരുടെ എണ്ണം യഥാക്രമം 15,146 ഉം 39,102 ഉം ആണ്.

  ഞായറാഴ്ച ഉച്ചയോടെയാണ് പൽഘർ ജില്ലയിലെ ചരോട്ടിയിൽ കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പൻഡോളും മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാരായ അനാഹിത പൻഡോളെയും ഭർത്താവ് ഡാരിയസ് പൻഡോളെയും പരിക്കുകളോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോൾ സൂര്യ നദിയിലെ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്.

  പ്രാഥമിക അന്വേഷണത്തിൽ മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെൽറ്റ് ധരിക്കാതെ പുറകിൽ ഇരിക്കുകയായിരുന്നു, അമിത വേഗവും ഡ്രൈവറുടെ കണക്കുക്കൂട്ടലിൽ സംഭവിച്ച പിഴവും അപകടത്തിന് കാരണമായതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടം നടക്കുമ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
  Published by:Rajesh V
  First published: