വയറു നിറയെ ഭക്ഷണവും ഒപ്പം ഫ്രീ ആയി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റും !! ചെയ്യേണ്ടത് ഇത്രമാത്രം
- Published by:Asha Sulfiker
- news18-malayalam
Last Updated:
വിവിധ തരം പൊരിച്ച മീനുകൾ, ചിക്കൻ തണ്ടൂരി, ഡ്രൈ മട്ടൺ, ഗ്രേ മട്ടൺ, ചിക്കൻ മസാല, കൊഞ്ച് ബിരിയാണി എന്നിവയാണ് താലിയിലെ ചില വിഭവങ്ങൾ. ഏകദേശം 2500 രൂപയാണ് ഈ താലി മീൽസിന്‍റെ വില.
പൂനെ: വയറു നിറയെ ഭക്ഷണം കഴിച്ചാൽ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കാം. കേട്ട് അമ്പരക്കണ്ട സംഭവം സത്യമാണ്. കോവിഡ് മഹമാരിയെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖല അടക്കം പല വ്യവസായ രംഗങ്ങളും പച്ചപിടിച്ച് വരുന്നതേയുള്ളു. കടുത്ത സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറി തുടങ്ങുന്ന ഈ സമയത്ത് കൂടുതൽ ആളുകളെ ആകർഷിക്കാൻ പൂനെയിലെ ഒരു റസ്റ്ററന്‍റ് ഉടമ കണ്ടുപിടിച്ച വഴിയാണ് 'ബുള്ളറ്റ് താലി കോൺടസ്റ്റ്'. ഭക്ഷണപ്രിയരെയും ബുള്ളറ്റ് പ്രേമികളെയും ഒരേ പോലെ ആകർഷിക്കുന്ന ഈ ഓഫർ എന്നാൽ അത്ര നിസാരം ഒന്നുമല്ല.
എന്താണ് മത്സരം?
പൂനെയിലെ ശിവരാജ് ഹോട്ടലാണ് ഇത്തരമൊരു മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ ഹോട്ടലിലെ ഒരു വലിയ 'നോൺ വെജ് മീല്‍സ് താലി'കഴിച്ചു തീർക്കുന്നവർക്ക് 1.65ലക്ഷം രൂപ വില വരുന്ന റോയൽ എന്‍ഫീൽഡ് ബുള്ളറ്റ് സൗജന്യമായി നൽകുമെന്നാണ് വാഗ്ദാനം. മീൽസ് താലി എന്നു കേൾക്കുമ്പോൾ നിസാരം എന്ന് തോന്നുമെങ്കിലും നാല് കിലോയോളം വരും ഇതിലെ ഭക്ഷണം. ഇത് ഒരു മണിക്കൂർ കൊണ്ട് കഴിച്ചു തീർക്കുന്നവരാണ് വിജയികൾ.
തന്‍റെ ഹോട്ടലിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനാണ് ഇത്തരമൊരു മത്സരം എന്നാണ് ഉടമ അതുൽ വൈകർ പറയുന്നത്. റെസ്റ്ററന്‍റിന്‍റെ വരാന്തയിലായി അഞ്ച് ബുള്ളറ്റുകളാണ് അതുൽ നിരത്തി വച്ചിരിക്കുന്നത്. ഇതിന് പുറമെ ബാനറുകളിലും മെനു കാർഡിലും ഒക്കെ ഇല്ല്യൂസ്ട്രേറ്റഡ് നിർദേശങ്ങളുമായി മത്സരത്തിന് നല്ല രീതിയിൽ പ്രൊമോഷനും നൽകി.
advertisement
'ബുള്ളറ്റ് താലി മീല്‍സ്'
മട്ടൻ, മീൻ തുടങ്ങി പന്ത്രണ്ടോളം നോൺ വെജ് വിഭവങ്ങൾ അടങ്ങിയ നാല് കിലോ ഭാരം വരുന്ന താലിയാണ് മത്സരത്തിനായി പ്രത്യേകം തയ്യാറാക്കിയത്. അൻപത്തിയഞ്ച് ആളുകൾ ചേർന്നാണ് ഈ പ്രത്യേക താലി തയ്യാറാക്കുന്നതെന്നും ഉടമ പറയുന്നു.

വിവിധ തരം പൊരിച്ച മീനുകൾ, ചിക്കൻ തണ്ടൂരി, ഡ്രൈ മട്ടൺ, ഗ്രേ മട്ടൺ, ചിക്കൻ മസാല, കൊഞ്ച് ബിരിയാണി എന്നിവയാണ് താലിയിലെ ചില വിഭവങ്ങൾ. ഏകദേശം 2500 രൂപയാണ് ഈ താലി മീൽസിന്‍റെ വില.
advertisement
പ്രതികരണം
ബുള്ളറ്റ് താലി മീൽസിന് നല്ല പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ധാരാളം ആളുകൾ മത്സരത്തിൽ ഒരു കൈ നോക്കാനായി എത്തുന്നുണ്ട്. തിരക്ക് കൂടുന്നെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് റസ്റ്ററന്‍റ് പ്രവർത്തകർ ഉറപ്പാക്കുന്നുണ്ട്. ദിവസേന 65 താലി വരെ വിറ്റു പോകുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.

വിജയികൾ:
നാല് കിലോ ഭക്ഷണം ബാലികേറാമലയെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അങ്ങനെയല്ലെന്ന് തെളിയിച്ചവരുമുണ്ട്. സോലാപുർ സ്വദേശിയായ സോമന്ത് പവർ എന്ന യുവാവ് ബുള്ളറ്റ് താലി മത്സരം ജയിച്ച് ബുള്ളറ്റും കൊണ്ട് പോയി എന്നാണ് ഉടമ പറയുന്നത്. ഒരു മണിക്കൂർ പൂർത്തിയാകും മുൻപ് തന്നെ അയാൾ പാത്രം കാലിയാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വയറു നിറയെ ഭക്ഷണവും ഒപ്പം ഫ്രീ ആയി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റും !! ചെയ്യേണ്ടത് ഇത്രമാത്രം