ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളിൽ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പുള്ളിപ്പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. അഞ്ച് പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അഭിഭാഷകർക്കും കേസിനായി എത്തിയ കക്ഷികളടക്കമുള്ളവർക്കുമാണ് പരിക്കേറ്റത്. കൈയ്ക്കും കണ്ണിനുമടക്കം പരിക്കേറ്റിട്ടുണ്ട്.
വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ കോടതി വളപ്പിനുള്ളിലെ ജനൽ ഗ്രില്ലിന് പിന്നിൽ പുള്ളിപ്പുലിയെ കാണാനാകും.
#WATCH | Several people injured as leopard enters Ghaziabad district court premises in Uttar Pradesh pic.twitter.com/ZYD0oPTtOl
— ANI (@ANI) February 8, 2023
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ചില അഭിഭാഷകർ ചുമന്നുകൊണ്ടുപോകുന്നത് കാണാം. രക്തം പുരണ്ട മുഖവുമായി മറ്റൊരാൾ ചുമരിനോട് ചേർന്ന് ഇരുന്നു വേദന കൊണ്ട് പുളയുന്നതും ക്ലിപ്പിൽ കാണാം. പുള്ളിപ്പുലി ജനങ്ങളിൽ പരിഭ്രാന്തി പരത്തിയതോടെ വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.
ഗാസിയാബാദ് ഉൾപ്പെട്ട എംസിആർ മേഖലയിൽ ചെറിയ കാടുകളുമുണ്ട്. ഇവിടെ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ ഇപ്പോൾ കോടതിക്കകത്തുള്ള ഇരുമ്പ് കൂട്ടിലേക്ക് ആക്കിയിരിക്കുകയാണ്. വനംവകുപ്പ് എത്തിയ ശേഷം മാത്രമാണ് പുലിയെ പിടികൂടാനാകുക. നേരത്തെ 2022 ൽ ഈ പ്രദേശത്തെ ഹൌസിംഗ് കോളനിയിൽ പുള്ളിപ്പുലി ഇറങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.