2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു;സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 10-ശതമാനം ക്വോട്ട വർധിപ്പിച്ചു; 65-വയസിനു മുകളിൽ നറുക്കെടുപ്പില്ല; സഹായി നിർബന്ധം
- Published by:Sarika N
- trending desk
Last Updated:
2025-ലെ ഹജ്ജിന് 65-വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കും
ന്യൂഡൽഹി : സുപ്രധാന പരിഷ്‌കാരങ്ങളുള്‍പ്പെടുത്തി 2025-ലെ രാജ്യത്തെ ഹജ്ജ് നയം പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വോട്ടയുടെ 70 -ശതമാനം ഹജ്ജ് കമ്മിറ്റിയ്ക്കും ബാക്കി 30- ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായാണ് വീതം വെയ്ക്കുക. 2024-ല്‍ ഹജ്ജ് ക്വോട്ടയുടെ 80- ശതമാനമായിരുന്നു ഹജ്ജ് കമ്മിറ്റിയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ക്വോട്ടയുടെ 20- ശതമാനമായിരുന്നു ലഭിച്ചത്.
2024 -വരെ 70- വയസ്സിന് മുകളിലുള്ളവര്‍, മെഹറം (ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ ബന്ധുവോ നൽകുന്ന ആൺ തുണ ) ഇല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകള്‍, പൊതുവിഭാഗം എന്നിവരായിരുന്നു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടിരുന്നത്. എന്നാല്‍ 2025-ലെ ഹജ്ജിന് 65- വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കും. 65- വയസ്സോ അതിനുമുകളിലോ പ്രായമുള്ള ഹജ്ജ് തീര്‍ത്ഥാടകരോടൊപ്പം ഒരു സഹായി കൂടി വേണമെന്നതും ഇത്തവണ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
65- വയസോ അതിനുമുകളിലോ പ്രായമുള്ളവരുടെ അപേക്ഷ റിസര്‍വ്ഡ് വിഭാഗത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും ഹജ്ജ് നയം വ്യക്തമാക്കി.
advertisement
മെഹറം ഇല്ലാതെ യാത്ര ചെയ്യുന്ന 65 -വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളോടൊപ്പം 45-നും 60-നും ഇടയില്‍ പ്രായമുള്ള സഹായി ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, മകന്‍, മകള്‍, മരുമകന്‍, മരുമകള്‍, പേരക്കുട്ടി, അനന്തരവന്‍, അനന്തരവള്‍, എന്നിവര്‍ക്ക് ഇവരോടൊപ്പം സഹായി ആയി സഞ്ചരിക്കാം.
സഹായിയുടെ പ്രായം 60 -വയസ്സിന് താഴേയായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഹജ്ജ് നയത്തില്‍ പറയുന്നു.
'' റിസര്‍വ്ഡ് വിഭാഗത്തില്‍ വരുന്ന 65 -വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ ഒന്നിച്ച് യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ രക്ത ബന്ധത്തില്‍പ്പെട്ട രണ്ട് പേരെ സഹായി ആയി കൂടെ കൂട്ടാവുന്നതാണ്,'' ഹജ്ജ് നയത്തില്‍ പറയുന്നു.
advertisement
മെഹറമായി എത്തുന്നവര്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നും നയത്തില്‍ വ്യക്തമാക്കി. 65- വയസ്സിന് മേലേ പ്രായമുള്ളവര്‍ക്ക് സഹായി ആയി എത്തുന്നവരും ഈ വിഭാഗത്തിലുള്ളവരായിരിക്കണം.
എന്നാല്‍ 65- വയസ്സിന് മുകളിൽ പ്രായമുള്ള മെഹറമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് സഹായിയായി എത്തുന്നവര്‍ സത്രീകളായിരിക്കണമെന്നും 45-നും 60-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നും നയത്തില്‍ പറയുന്നു.
2024-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആരംഭിച്ച 'ഹജ്ജ് സുവിധ ആപ്പ്' എല്ലാ തീര്‍ത്ഥാടകരും ഉപയോഗിച്ച് ശീലിക്കണമെന്നും ഹജ്ജ് നയത്തില്‍ കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യാ വെബ്സൈറ്റ് വഴി പൂരിപ്പിച്ച് അയക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 07, 2024 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു;സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 10-ശതമാനം ക്വോട്ട വർധിപ്പിച്ചു; 65-വയസിനു മുകളിൽ നറുക്കെടുപ്പില്ല; സഹായി നിർബന്ധം