• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi on Farm Laws| 'ചില കർഷകർക്ക് കാര്യങ്ങൾ മനസിലാകാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'; പ്രധാനമന്ത്രി

Narendra Modi on Farm Laws| 'ചില കർഷകർക്ക് കാര്യങ്ങൾ മനസിലാകാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'; പ്രധാനമന്ത്രി

ഇന്ന്, ഗുരുനാനാക് ദിനത്തിൽ, എല്ലാ കർഷകരോടും അവരുടെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മടങ്ങാൻ ഞാൻ അഭ്യർത്ഥിക്കുന്നു..

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

  • Share this:
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള പ്രധാന പ്രഖ്യാപനത്തിൽ, രാജ്യത്തുടനീളമുള്ള കർഷകരുടെ വൻ പ്രതിഷേധത്തിന് കാരണമായ മൂന്ന് കാർഷിക വിപണന നിയമങ്ങൾ (agri-marketing laws) സർക്കാർ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വെള്ളിയാഴ്ച പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലുമായി കർഷകർ ഒരു വർഷത്തോളമായി ഡൽഹി അതിർത്തികളിൽ ക്യാമ്പ് ചെയ്യുകയാണ്. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്‌ട് 2020, അവശ്യ സാധനങ്ങൾ (ഭേദഗതി) നിയമം 2020, ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ആക്ട് 2020 എന്നീ നിയമങ്ങൾ പിൻവലിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഈ വർഷം ജനുവരിയിൽ നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും ഡൽഹി അതിർത്തിയിലെ സിംഗു, തിക്രി, ഗാസിപൂർ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തയാറായിരുന്നില്ല. കർഷകരുമായി 11 റൗണ്ട് ഔപചാരിക ചർച്ചകൾ നടത്തിയ കേന്ദ്രം, പുതിയ നിയമങ്ങൾ കർഷകർക്ക് അനുകൂലമാണെന്ന് വാദിച്ചപ്പോൾ, അവ തങ്ങളെ കോർപ്പറേറ്റുകളുടെ കാരുണ്യത്തിലാക്കുമെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെട്ടത്.

Also Read- Narendra Modi on Farm Laws| കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിഷേധം ആരംഭിച്ച് ഒരു വർഷം തികയുന്ന നവംബർ 26 ന് നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് പ്രഖ്യാപിച്ചിരുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ നടത്തിയ പ്രധാന പ്രസ്താവനകൾ ഇതാ:

- കാർഷിക നിയമങ്ങളിലൂടെ ഞങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചില കർഷകർക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചു. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ മൂന്ന് ബില്ലുകളും ഞങ്ങൾ പിൻവലിക്കും

- ഇന്ന്, ഗുരുനാനാക് ദിനത്തിൽ, എല്ലാ കർഷകരോടും അവരുടെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മടങ്ങാൻ ഞാൻ അഭ്യർത്ഥിക്കുന്നു... നല്ലകാര്യങ്ങൾ ചെയ്യുന്നത് ഞാൻ ഒരിക്കലും നിർത്തില്ല. ഞാൻ ചെയ്തത് രാജ്യത്തിന് വേണ്ടിയാണ്, ഞാൻ ചെയ്യുന്നതും എന്റെ രാജ്യത്തിന് വേണ്ടി ആയിരിക്കും. എന്നെ വിശ്വസിക്കൂ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ കൂടുതൽ പ്രവർത്തിക്കും.

- കർഷകരുടെ പ്രതിസന്ധികൾ ഞാൻ വളരെ അടുത്ത് കണ്ടിട്ടുണ്ട്, അതുകൊണ്ടാണ് കൃഷി വികാസ് യോജനയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകിയത്. ഇന്ത്യയിലെ 80% കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രമാണ് ഭൂമിയുള്ളത്. ഈ തുണ്ട് ഭൂമിയാണ് ഇവരുടെ ഉപജീവനമാർഗം.

- കർഷകരെ സഹായിക്കാനും പിന്തുണയ്ക്കാനും ഞങ്ങൾ പരമാവധി ചെയ്യുന്നു. ചെറുകിട കർഷകരെ സഹായിക്കാൻ പ്രത്യേകമായി മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നു. അങ്ങനെ അവർക്ക് കൂടുതൽ സാധ്യതകളും അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിലയും ലഭിക്കും. രാജ്യത്തെ എല്ലാ കർഷകരും കിസാൻ സംഘടനകളും കാർഷിക നിയമങ്ങളെ സ്വാഗതം ചെയ്തു. അവർക്കെല്ലാം ഇന്ന് ഞാൻ നന്ദി പറയുന്നു.

- ഞങ്ങളുടെ ഉദ്ദേശ്യം ശുദ്ധമായിരുന്നു. എന്നാൽ ചില കർഷകരെ ഞങ്ങൾക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഈ നിയമങ്ങളെ കുറിച്ച് കർഷകരോട് വിശദീകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഞങ്ങൾ സംസാരിച്ചു, ചർച്ച ചെയ്തു, അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഈ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായി. രണ്ടു വർഷം കൊണ്ട് പലതും സംഭവിച്ചു...

- വിള രീതികൾ മാറ്റാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. കർഷക സമൂഹത്തിന്റെ പ്രയോജനത്തിനായി പ്രവർത്തിക്കാൻ കേന്ദ്രവും കാർഷിക വിദഗ്ധരും കർഷകരും ഉൾപ്പെടുന്ന ഒരു കമ്മിറ്റി ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
Published by:Rajesh V
First published: