India-Canada| തിരിച്ചടിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം
- Published by:Rajesh V
- news18-malayalam
Last Updated:
കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
ന്യൂഡൽഹി: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
advertisement
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചു.
”കനേഡിയൻ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയും അവരുടെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും കണ്ടിരുന്നു. അത് പൂർണമായും തള്ളിക്കളയുന്നു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണങ്ങൾ കനേഡിയൻ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചെങ്കിലും അതെല്ലാം പൂർണമായും തള്ളിക്കളഞ്ഞതാണ്.
advertisement
നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്.
Also Read- ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി
advertisement
കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല. അത്തരം സംഭവവികാസങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Summary: A senior Canadian diplomat has been expelled by India in a tit-for-tat move after Canada Prime Minister Justin Trudeau claimed “foreign powers” were behind the killing of pro-Khalistan leader Hardeep Singh Nijjar, the chief of the Khalistan Tiger Force terrorist group, and sacked an Indian diplomat.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 19, 2023 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
India-Canada| തിരിച്ചടിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം