കനേഡിയൻ പൗരന്മാർക്ക് ഇനി ഇന്ത്യയിലെത്താം; വിസ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
വ്യാഴാഴ്ച മുതല്‍ വിസ സേവനം പുനസ്ഥാപിക്കും.
കനേഡിയന്‍ പൗരന്‍മാര്‍ക്കായുള്ള വിസാ സേവനങ്ങള്‍ ഇന്ത്യ ഭാഗികമായി പുനസ്ഥാപിച്ചു. വ്യാഴാഴ്ച മുതല്‍ വിസ സേവനം പുനസ്ഥാപിക്കും. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നിലവില്‍ എന്‍ട്രി വിസ, ബിസിനസ് വിസ, കോണ്‍ഫറന്‍സ് വിസ, മെഡിക്കല്‍ വിസ, എന്നീ വിഭാഗങ്ങളിലെ വിസ സേവനമാണ് പുനസ്ഥാപിക്കുന്നത്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-കാനഡ ബന്ധം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഈയടുത്തിടെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലേക്ക് കനേഡിയന്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും ഇത്തരം രീതികള്‍ ഇന്ത്യയ്‌ക്കൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
”തുല്യത എന്ന തത്വം വിയന്ന കണ്‍വെന്‍ഷനില്‍ വരെ പറയുന്നുണ്ട്. ഞങ്ങളുടെ കാര്യത്തില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ഇടപെടുന്നു. അതില്‍ ആശങ്കയുണ്ട്. അതുകൊണ്ടാണ് തുല്യത ആവശ്യമാണെന്ന് എടുത്ത് പറയുന്നത്,” ജയശങ്കര്‍ പറഞ്ഞു.
advertisement
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇതേത്തുടര്‍ന്ന് കാനഡയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തി വെച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ വാന്‍കൂവറിന് സമീപമുള്ള സിഖ് ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്തു വെച്ച്, മുഖംമൂടി ധരിച്ച രണ്ട് അക്രമികള്‍ നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1997 ല്‍ കാനഡയിലേക്ക് കുടിയേറിയ ഇയാള്‍ക്ക് 2015 ല്‍ കനേഡിയന്‍ പൗരത്വം ലഭിച്ചിരുന്നു.
advertisement
കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. കാനഡയില്‍ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് നിരവധി തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരെ ആക്രമണമുണ്ടായ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍വിധിയോടെയാണ് ഇന്ത്യയ്ക്കെതിരെ കാനഡ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ”നിജ്ജര്‍ കേസ് സംബന്ധിച്ച്, പ്രത്യേക വിവരങ്ങളൊന്നും കാനഡ ഇന്ത്യയുമായി പങ്കിട്ടിട്ടില്ല. അവര്‍ പറയുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങള്‍ ചില വ്യക്തികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെങ്കിലും കാനഡ അതില്‍ നടപടിയെടുത്തിട്ടില്ല”, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ ന്യൂ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
advertisement
ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, ഇന്ത്യയില്‍ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചിരുന്നു. 21 പേര്‍ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതോടെയായിരുന്നു നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 26, 2023 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കനേഡിയൻ പൗരന്മാർക്ക് ഇനി ഇന്ത്യയിലെത്താം; വിസ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു