ന്യൂഡൽഹി: രാജ്യത്ത് കുറ്റകൃത്യമായി പരിഗണിക്കുന്ന കഞ്ചാവിന്റ ഉപയോഗത്തെ അന്താരാഷ്ട്ര തലത്തിൽ പിന്തുണച്ച് ഇന്ത്യ. കഞ്ചാവിനെ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്.
53 അംഗരാജ്യങ്ങളിൽ 25 പേരാണ് പ്രമേയത്തെ എതിർത്തത്. യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവർ അനുകൂലിച്ചപ്പോൾ റഷ്യ, ചൈന, ജപ്പാൻ, സിംഗപ്പൂർ, ഇറാൻ, പാക്കിസ്ഥാൻ, നൈജീരിയ എന്നിവർ എതിർത്തു. മറ്റൊരു അംഗരാജ്യമായ യുക്രൈൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകൾക്കൊപ്പമാണ് കഞ്ചാവിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു പോലും ഈ പട്ടികയിലുള്ളവ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.
മറ്റു ലഹരിവസ്തുക്കളെ പോലെ കഞ്ചാവ് രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന ആറു നിർദേശങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു.
അതേസമയം കഞ്ചാവ് വളർത്തുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിൽ കുറ്റകരമാണ്. കഞ്ചാവ് കൈവശം വച്ചതിന് ബോളുവുഡ് താരങ്ങളെ പോലും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസിൽപ്പെടുത്തിയിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.