ഇല്ല പോയിട്ടില്ല; തമിഴ്നാട്ടിൽ ക്ഷേത്ര മേൽക്കൂരയിലെ സ്വർണ്ണപ്പല്ലി കാണാതായിട്ടില്ലെന്ന് അധികൃതർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇവിടത്തെ സ്വർണ്ണത്തിലും വെള്ളിയിലും കൊത്തിയ പല്ലികളുടെ വിഗ്രഹങ്ങളെ സ്പർശിക്കാതെ ക്ഷേത്ര സന്ദർശനം പൂർണ്ണമാവില്ല എന്നാണ് വിശ്വാസം
ചെന്നൈ: കാഞ്ചീപുരത്തെ പുരാതനമായ ശ്രീ വരദരാജ പെരുമാൾ ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ കൊത്തിവെച്ചിട്ടുള്ള സ്വർണ്ണത്തിലും വെള്ളിയിലുമുള്ള പല്ലികളുടെ കൊത്തുപണികൾ കാണാതായെന്ന ആരോപണം ക്ഷേത്രം അധികൃതർ നിഷേധിച്ചു.
ചെന്നൈയിൽ നിന്ന് ഏകദേശം 79 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഈ വൈഷ്ണവ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിന് എത്തുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും കൊത്തിയ പല്ലികളുടെ വിഗ്രഹങ്ങളെ സ്പർശിക്കാതെ ക്ഷേത്ര സന്ദർശനം പൂർണ്ണമാവില്ല എന്നാണ് വിശ്വാസം. പരിശുദ്ധവും കുറ്റമറ്റതുമായ ജീവിതത്തിനായാണ് ഭക്തർ ഇത്തരത്തിൽ ദിവ്യാനുഗ്രഹം തേടുന്നത്.
ക്ഷേത്ര നവീകരണ സമയത്ത് സ്വർണ്ണം, വെള്ളി പല്ലികളുടെ രൂപങ്ങൾ നീക്കം ചെയ്യുകയും പകരം മറ്റൊന്ന് സ്ഥാപിക്കുകയും ചെയ്തു എന്ന് ഒരു ക്ഷേത്ര പ്രവർത്തകനാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, വിഗ്രഹങ്ങൾ അവയുടെ സ്ഥാനത്ത് തന്നെ ഉണ്ടെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
advertisement
"മേൽക്കൂരയിലെ വിഗ്രഹങ്ങൾ നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഒരാൾ തെറ്റായതും അസംബന്ധവുമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്, അദ്ദേഹത്തിനെതിരെ ക്ഷേത്രം അധികൃതർ നിയമനടപടി സ്വീകരിക്കും," ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
മഹർഷി ഗൗതമൻ്റെ രണ്ട് ശിഷ്യന്മാർക്ക് അവരുടെ തെറ്റുകൾ കാരണം പല്ലികളാകാൻ ശാപം ലഭിച്ചു. ഈ രണ്ട് പല്ലികളാണ് ഇവിടെയുള്ളത്. ഭഗവാൻ വിഷ്ണു അവരുടെ തെറ്റുകൾ ക്ഷമിക്കുകയും ശാപത്തിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു അധികാരി പറഞ്ഞു.
advertisement
"നല്ല ഭാഗ്യത്തിനും കളങ്കരഹിതമായ ജീവിതത്തിനും വേണ്ടി ഭഗവാൻ്റെ അനുഗ്രഹം തേടി ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ ഈ പല്ലികളെ സ്പർശിക്കാറുണ്ട്," - അദ്ദേഹം പറഞ്ഞു.
അത്തിമരം കൊണ്ട് നിർമ്മിച്ച ഭഗവാൻ വിഷ്ണുവിൻ്റെ പത്തടി നീളമുള്ള വിഗ്രഹമായ അത്തിവരദർ ക്ഷേത്രക്കുളത്തിൽ (അനന്ത സരസ്) സ്ഥാപിച്ചിരിക്കുന്ന പുണ്യസ്ഥലം കൂടിയാണ് ഈ ക്ഷേത്രം. ഈ മനോഹരമായ വിഗ്രഹം ഭക്തർക്ക് ദർശനം നൽകാനായി 40 വർഷത്തിലൊരിക്കൽ മാത്രമാണ് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്നത്. അവസാന ദർശനം 2019ലായിരുന്നു.
Summary: The temple authorities denied the allegation that the golden and silver lizard carvings etched on the ceiling of the ancient Sri Varadharaja Perumal temple in Kancheepuram have gone missing.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
November 07, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇല്ല പോയിട്ടില്ല; തമിഴ്നാട്ടിൽ ക്ഷേത്ര മേൽക്കൂരയിലെ സ്വർണ്ണപ്പല്ലി കാണാതായിട്ടില്ലെന്ന് അധികൃതർ


