ചൂടിനെ തോൽപ്പിക്കാൻ എസി ഹെൽമെറ്റുമായി കാൺപൂർ ട്രാഫിക് പോലീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്മാർട്ട് പോലീസിംഗ് പദ്ധതിയുടെ ഭാഗമായാണ് ഈ ഹെൽമെറ്റുകൾ വിതരണം ചെയ്തത്
കാൺപൂർ: ഉത്തർപ്രദേശിൽ കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ അത്യാധുനിക എസി ഹെൽമെറ്റുകൾ അവതരിപ്പിച്ച് കാൺപൂർ പൊലീസ്. 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ റോഡുകളിൽ ജോലി ചെയ്യുന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ ആരോഗ്യവും പ്രവർത്തനക്ഷമതയും ഉറപ്പാക്കാനാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഈ ഹെൽമെറ്റുകൾ സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്നവയാണ്.
ഹെൽമെറ്റിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ മോട്ടോറും ഫാനും ഉപയോഗിച്ച് തണുത്ത വായു അകത്തേക്ക് പ്രസരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ തുടർച്ചയായി തണുപ്പ് നൽകാൻ ഇതിലെ ബാറ്ററിക്ക് സാധിക്കും. ഇത് ഉദ്യോഗസ്ഥർക്ക് അവരുടെ ഷിഫ്റ്റ് മുഴുവനായി സുഖകരമായി പൂർത്തിയാക്കാൻ സഹായകമാകുന്നു. തണുപ്പിന് പുറമെ സൂര്യപ്രകാശം, പൊടി, വായുമലിനീകരണം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയാണ്.
നേരത്തെ കൊടുംചൂടിൽ രണ്ട് മണിക്കൂർ ജോലി ചെയ്യുമ്പോഴേക്കും ഉദ്യോഗസ്ഥർക്ക് നിർജ്ജലീകരണവും കടുത്ത ക്ഷീണവും അനുഭവപ്പെട്ടിരുന്നു. എന്നാൽ പുതിയ ഹെൽമെറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷവും ഉന്മേഷത്തോടെയിരിക്കാൻ കഴിയുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് വെറുമൊരു സൗകര്യമല്ലെന്നും മറിച്ച് ഉദ്യോഗസ്ഥരുടെ ആരോഗ്യത്തിനുള്ള കരുതലാണെന്നും ഡിസിപി (ട്രാഫിക്) രവീന്ദ്ര കുമാർ വ്യക്തമാക്കി.
advertisement
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്മാർട്ട് പോലീസിംഗ് പദ്ധതിയുടെ ഭാഗമായാണ് ഈ ഹെൽമെറ്റുകൾ വിതരണം ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലും നോയിഡയിലും നടത്തിയ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കാൺപൂരിലും ഇത് നടപ്പിലാക്കുന്നത്. ഹെൽമെറ്റുകൾക്ക് പുറമെ രാത്രികാല ഡ്യൂട്ടിക്കായി റിഫ്ളക്ടീവ് ജാക്കറ്റുകളും ബാറ്റൺ ടോർച്ചുകളും ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. കാൺപൂരിലെ ഈ പദ്ധതി വിജയിച്ചതോടെ ലഖ്‌നൗ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വൈകാതെ എസി ഹെൽമെറ്റുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Uttar Pradesh
First Published :
Apr 07, 2026 11:36 AM IST







