കന്യാകുമാരിയിൽ കടൽ മീതെ നടന്നു പോകാൻ കണ്ണാടിപ്പാലം
- Published by:ASHLI
- news18-malayalam
Last Updated:
വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്നതാണ് കണ്ണാടിപ്പാലം
കന്യാകുമാരിയിൽ വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കണ്ണാടിപ്പാലം തുറക്കുന്നു. തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തുന്നത്. നാളെ വൈകിട്ട് 5.30ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്നതാണ് കണ്ണാടിപ്പാലം. 37 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കണ്ണാടി പാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയും ആണുള്ളത്.
കടൽക്ഷോഭത്തെയും ശക്തമായ കടൽക്കാറ്റിനേയും പ്രതിരോധിക്കുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. തമിഴ്നാട് ഗെസ്റ്റ് ഹൗസിൽ 31നു രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും അരങ്ങേറും.
കണ്ണാടിപ്പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്നു തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലത്തിന്റെ മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കടൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ടൗണിൽ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. റോഡുകളുടെ നവീകരണം, ബോട്ടുജെട്ടിയിൽ ടിക്കറ്റെടുക്കാൻ പുതിയ കാത്തിരിപ്പു കേന്ദ്രം എന്നിവയും നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
December 29, 2024 7:05 PM IST