ഓഫീസ് മുറിയിൽ യുവതിയുമായി ശൃംഗാരം; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Sneha Reghu
Last Updated:
സസ്‌പെൻഷനിലിരിക്കുമ്പോൾ റാവുവിന് ഉപജീവന അലവൻസ് നൽകും
സ്വന്തം ഓഫീസിൽ വെച്ച് ഔദ്യോഗിക വേഷത്തിൽ യുവതിയുമായി ലൈംഗികമായി ഇടപെടുന്ന കർണാടക സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഡിസിആർഇ) ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വീഡിയോ വൈറലായി. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.
പൊതു വാർത്താ ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്ത വീഡിയോകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഡിജിപി രാമചന്ദ്ര റാവുവിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ സർക്കാർ അറിയിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്തതും സർക്കാരിനു തന്നെ നാണക്കേട് ഉണ്ടാക്കുന്നതുമായ അശ്ശീലമായ പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി നിരീക്ഷിച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഈ വിഷയം പരിശോധിച്ചതായും പ്രഥമദൃഷ്ട്യ റാവുവിന്റെ പെരുമാറ്റത്തിലെ സർവീസസ് നടപ്പു ചട്ടലംഘനം ബോധ്യപ്പെട്ടതായും സർക്കാർ അറിയിച്ചു. അതിൽ അന്വേഷണവിധേയമായി അദ്ദേഹം സസ്‌പെൻഡ് ചെയ്യേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നുണ്ട്.
advertisement
സസ്‌പെൻഷനിലിരിക്കുമ്പോൾ റാവുവിന് ഉപജീവന അലവൻസ് നൽകും. 1969-ലെ സർവീസ് ചട്ടങ്ങളിലെ റൂൾ 4 പ്രകാരമാണിത്. മാത്രമല്ല, സർക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ആസ്ഥാനം വിടാനും അദ്ദേഹത്തെ അനുവദിക്കില്ല.
ഒഫീസുള്ളിൽ വച്ച് ഡിജിപി ഒരു സ്ത്രീയോട് അനുചിതമായി ഇടപെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമചന്ദ്ര റാവു ഓഫീസ് സമയത്ത് യൂണിഫോമിൽ ഒദ്യോഗിക ചേംബറിലിരുന്ന് ഒരു യുവതിയെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയിൽ അയാൾ ഒരു സ്യൂട്ട് ധരിച്ച് ഇന്ത്യൻ പതാകയ്ക്കും പോലീസ് വകുപ്പിന്റെ ചിഹ്നത്തിനും മുന്നിൽ നിന്ന് സമാനമായ പെരുമാറ്റത്തിലേർപ്പെടുന്നതും കാണാം. പശ്ചാത്തല സംഗീതവും അടിക്കുറിപ്പുകളും ചേർത്താണ് വീഡിയോ പ്രചരിച്ചത്. അതിൽ യുവതിയുടെ മുഖം മറച്ചിരുന്നു.
advertisement
വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും കർണാടകയിൽ ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തതോടെ റാവു ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും തന്റെ അഭിഭാഷകനുമായി സംസാരിച്ച് ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ ഓഫീസിലേക്ക് റാവു പോയെങ്കിലും അദ്ദേഹത്തെ കാണാൻ മന്ത്രി വിസമ്മതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതനല്ലെന്നും സിദ്ധരാമയ്യ ബെലഗാവിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ട് പറഞ്ഞു.
advertisement
മുൻ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തി. റാവു മുഴുവൻ പോലീസ് സോനയെയും അപമാനിച്ചുവെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാവു ഉൾപ്പെട്ട മുൻ വിവാദങ്ങളും ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നുണ്ട്.
നേരത്തെയും റാവുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇദ്ദേഹത്തിന്റെ വളർത്തുമകളും നടിയുമായ രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായിരുന്നു. ഇതിന് റാവുവിന്റെ സഹായം ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ സർക്കാർ അദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
advertisement
ദുബായിൽ നിന്ന് ബംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കവേയാണ് രന്യ റാവു പിടിയിലായത്. അന്ന് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനും സ്വർണം കടത്താനും രണ്ടാനച്ഛന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്തതിനാണ് രന്യ അറസ്റ്റിലായത്. ഈ വിവാദത്തിനു ശേഷം അടുത്തിടെയാണ് റാവു സർവീസിൽ തിരിച്ചുകയറിയത്.
നിലവിലെ കേസ് വ്യാപകമായ ശ്രദ്ധനേടിയതിനാലും ഗൗരവമുള്ളതായതിനാലും അന്വേഷണം നടക്കുന്നതുവരെ സസ്‌പെൻഷൻ പ്രാബല്യത്തിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
Jan 20, 2026 11:23 AM IST





