കർണാടകയിൽ CBI അന്വേഷണത്തിന് അനിയന്ത്രിതമായ അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ സിബിഐയുടെ അന്വേഷണം തടയാനുള്ള നടപടിയായാണ് മന്ത്രിസഭാ തീരുമാനത്തെ വിലയിരുത്തുന്നത്
കർണാടകയിൽ സിബിഐ അന്വേഷണത്തിന് അനിയന്ത്രിതമായ അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു. ബെംഗളൂരു ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് നടപടി. സിദ്ധരാമക്കെതിരായ ആരോപണങ്ങളിൽ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്താൻ ബുധനാഴ്ച കോടതി ഉത്തരവിട്ടിരുന്നു.
ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം, സംസ്ഥാനത്ത് ക്രിമിനൽ അന്വേഷണം സ്വതന്ത്രമായി നടത്താൻ കേന്ദ്ര അന്വേഷണ ഏജൻസിക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ സിബിഐയുടെ അന്വേഷണം തടയാനുള്ള നടപടിയായാണ് മന്ത്രിസഭാ തീരുമാനത്തെ വിലയിരുത്തുന്നത്.
കർണാടക മന്ത്രി എച്ച് കെ പാട്ടീൽ തീരുമാനം വിശദീകരിക്കവെ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചു. "സിബിഐ അന്വേഷണത്തിനുള്ള അനിയന്ത്രിത അനുമതി പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കേസ് സിബിഐക്ക് വിടാൻ കോടതി തീരുമാനിച്ചാൽ ഞങ്ങൾക്ക് പ്രസക്തിയില്ല. സിബിഐ ദുരുപയോഗം ചെയ്യപ്പെടുന്നു, നിരവധി കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ അവർ വിസമ്മതിച്ചു." മന്ത്രി പറഞ്ഞു.
advertisement
ഗവർണറുമായി വിവരങ്ങൾ പങ്കിടരുത്
ഗവർണർ തവർചന്ദ് ഗെലോട്ട് ആവശ്യപ്പെട്ട വിവരങ്ങളൊന്നും കാബിനറ്റ് അനുമതിയില്ലാതെ നൽകരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോടും മറ്റ് ഉദ്യോഗസ്ഥരോടും കർണാടക മന്ത്രിസഭ ഉത്തരവിട്ടു.
എന്താണ് മുഡ കേസ്
സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.
advertisement
പാർവതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയര്ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
September 26, 2024 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയിൽ CBI അന്വേഷണത്തിന് അനിയന്ത്രിതമായ അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു