ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ ദിവസം ശ്രദ്ധേയമായത് കോണ്‍ഗ്രിലെ സീനിയര്‍ എംപിയും മാവേലിക്കര അംഗവുമായ കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മലയാളത്തിലോ ഇംഗ്ലീഷിലോ ആകും സത്യപ്രതിജ്ഞയെന്ന് കരുതിയവരെ നിരാശപ്പെടുത്തി ഹിന്ദിയിലായിരുന്നു കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയൊക്കെ ഗംഭീരമായി നടക്കുകയും ബിജെപി ബെഞ്ചില്‍ നിന്ന് കരഘോഷമുയരുകയും ചെയ്തെങ്കിലും സ്വന്തം പാര്‍ട്ടിയിലെ ഒരാള്‍ക്ക് അത് അത്ര രസിച്ചില്ല. യുപിഎ ചെയര്‍പേഴ്സണും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധിയാണ് കൊടിക്കുന്നിലിന്റെ 'ഹിന്ദി പ്രേമത്തിനെതിരെ' രംഗത്തുവന്നത്. മാതൃഭാഷയെ ഒഴിവാക്കി കേരളത്തിലെ അംഗം ഹിന്ദി തെരഞ്ഞെടുത്തതായിരുന്നു സോണിയയെ ചൊടിപ്പിച്ചത്.
'ഹിന്ദി' സത്യപ്രതിജ്ഞയില്‍ അതൃപ്തി രേഖപ്പെടുത്തി സോണിയഗാന്ധി മാതൃഭാഷയിലോ ഇംഗ്ലീഷിലോ സത്യപ്രതിജ്ഞ ചെയ്യണമെന്ന് പറയുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാത്ത സാഹചര്യത്തില്‍ ഈ സ്ഥാനത്തേക്ക് കണ്ണുവെച്ചാണ് കൊടിക്കുന്നില്‍ ഹിന്ദിയില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തതെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ മലയാളി എംപിയുടെ ഹിന്ദി സത്യപ്രതിജ്ഞയ്ക്കെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയതോടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞയ്ക്കൊരുങ്ങിയ മറ്റ് അംഗങ്ങളെല്ലാം 'ഹിന്ദി പ്രേമം' ഒഴിവാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാസര്‍കോട് നിന്നുള്ള പാര്‍ലമെന്റ് അംഗമായ രാജ്മോഹന്‍ ഉണ്ണിത്താന് പാലാക്കാട് അംഗം വികെ ശ്രീകണ്ഠനും ഉള്‍പ്പെടെ നിരവധിപ്പേര്‍ ഹിന്ദിയിലാകും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊടിക്കുന്നിലിനു മുന്നില്‍ സോണിയ ചോദ്യമുയര്‍ത്തിയതോടെ ഇവര്‍ മാതൃഭാഷയില്‍ തന്നെയാകും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം വയനാട് എംപി രാഹുല്‍ ഗാന്ധി ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.