മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ വര്‍ഷം നവംബറോടെ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. പാലത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പണ്‍ റോഡ് ടോളിംഗ് സംവിധാനമാണ് ഈ പാലത്തിലൂടെയുള്ള യാത്രയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഒആര്‍ടി സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പാലത്തിലൂടെ പോകുന്ന വാഹനങ്ങള്‍ ടോള്‍ തുക നല്‍കാനായി നിര്‍ത്തിയിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിലെ സേവ്റിയില്‍ നിന്നും നവി മുംബൈയിലെ ചിര്‍ളിയിലേക്ക് ഏകദേശം 15-20 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയുമെന്നതാണ് പാലത്തിന്റെ പ്രത്യേകത.
അതേസമയം, ഓപ്പണ്‍ റോഡ് ടോള്‍ സംവിധാനം ഇപ്പോള്‍ നിലവിലുള്ളത് സിംഗപ്പൂരില്‍ മാത്രമാണെന്ന് മുംബൈ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി പറയുന്നു.
Also read: വിശാഖപട്ടണത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: സംഭവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സാന്നിധ്യത്തില്‍ മുംബൈ ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്കിന്റെ (എംടിഎച്ച്എല്‍) പാക്കേജ്-2 ലെ ഏറ്റവും നീളമേറിയ ഓര്‍ത്തോട്രോപിക് സ്റ്റീല്‍ ഡെക്ക് (ഒഎസ്ഡി) മുംബൈ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി വിജയകരമായി പുറത്തിറക്കിറക്കിയിരുന്നു.
ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്കിന്റെ പാക്കേജ്-2ലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒഎസ്ഡി 180 മീറ്റര്‍ നീളവും 2300 മെട്രിക് ടണ്‍ ഭാരമുള്ളതുമാണ്. കൂടാതെ മുംബൈയ്ക്കും നവി മുംബൈയക്കും ഇടയില്‍ ഏകദേശം 22 കിലോമീറ്റര്‍ നീളത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പാക്കേജ്-2ന് 32 ഒഎസ്ഡി സ്പാനുകളുണ്ടെന്നും അതില്‍ 15 സ്പാനുകള്‍ ഇതിനോടകം നിര്‍മ്മിച്ചുകഴിഞ്ഞുവെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഏകദേശം 22 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ 16.5 കിലോമീറ്ററോളം കടലിന് മുകളിലൂടെയാണ്.
മുംബൈ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ജപ്പാന് ഇന്റര്‍നാഷണല്‍ കോപ്പറേഷന് ഏജന്‍സിയാണ് ഇതിനാവശ്യമായ ധനസഹായം നല്‍കുന്നത്.
നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൂരമുള്ള സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം (520 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി 2022 ഡിസംബര്‍ 11ന് ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാര്‍ഗ് അഥവാ നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്മ്യൂണിക്കേഷന്‍ എക്സ്പ്രസ് വേ പദ്ധതി.
ഏകദേശം 55,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 701 കിലോമീറ്റര്‍ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ പാതകളില്‍ ഒന്നാണ്. ഇത് മഹാരാഷ്ട്രയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു. അതിവേഗ പാത സമീപത്തുള്ള മറ്റ് 14 ജില്ലകളുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും അതിലൂടെ വിദര്‍ഭ, മറാത്ത്വാഡ, വടക്കന്‍ മഹാരാഷ്ട്ര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സഹായകമാകുകയും ചെയ്യും.
Summary: India’s Longest Sea Bridge’ in Mumbai to Open This Year. Will Have Singapore-like Toll System
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bridge, Eknath Shinde, Mumbai