പുണ്യ റംസാൻ മാസത്തിൽ മതമൈത്രിയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഉത്തർപ്രദേശിലെ അയൽവാസികളായ ഹിന്ദു-മുസ്ലിം കുടുംബങ്ങൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹത്തിന് ഹാൾ ബുക്ക് ചെയ്യാൻ പറ്റാതിരുന്നപ്പോൾ ഹിന്ദു യുവതിയുടെ വിവാഹത്തിന് സ്വന്തം വീട് തന്നെ വിട്ടുകൊടുക്കുകയാണ് മുസ്ലീം കുടുംബം ചെയ്തത്. പൂജയെന്ന യുപി സ്വദേശിയായ യുവതിയുടെ വിവാഹമാണ് അയൽവാസികളായ മുസ്ലീം കുടുംബം നടത്തിക്കൊടുത്തത്. വീടിൻെറ മുറ്റത്ത് കല്യാണമണ്ഡപം ഒരുക്കി മറ്റെല്ലാം സഹായങ്ങളും ചെയ്ത് കൊടുത്തു.
കോവിഡ് 19 ബാധിച്ചാണ് കഴിഞ്ഞ വർഷം പൂജയുടെ അച്ഛൻ മരിച്ചത്. സാമ്പത്തികമായി ഞെരുക്കത്തിലായതിനാൽ ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ വീട്ടുകാർക്ക് സാധിച്ചില്ലെന്ന് പൂജയുടെ അമ്മാവൻ രാജേഷ് ചൗരസ്യ ഔട്ട്‍ലുക്കിനോട് പറഞ്ഞു. വിവാഹം നടത്താനുള്ള സൗകര്യം വീട്ടിലുണ്ടായിരുന്നില്ല. ഇതോടെയാണ് അവസാന നിമിഷം അയൽവാസികളോട് സഹായം ചോദിച്ചത്.
ഏപ്രിൽ 22നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ബുദ്ധിമുട്ട് അറിയിച്ചപ്പോൾ നിറഞ്ഞ മനസ്സോടെയാണ് തങ്ങളുടെ വീട്ടിൽ വെച്ച് വിവാഹം നടത്താമെന്ന് അയൽവാസിയായ പർവേസും കുടുംബവും അറിയിച്ചതെന്ന് രാജേഷ് പറഞ്ഞു. "അയൽവാസിയായ പർവേസിനോട് ഇക്കാര്യം പറഞ്ഞപ്പോൾ വളരെ സ്നേഹത്തോടെയാണ് എന്ത് കൊണ്ട് വിവാഹം തങ്ങളുടെ വീട്ടിൽ വെച്ച് നടത്തിക്കൂടായെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചത്," രാജേഷ് പറഞ്ഞു.
പർവേസിൻെറ വീട്ടുമുറ്റത്താണ് വലിയ പന്തലൊരുക്കിയത്. അലങ്കാരപണികൾക്കൊപ്പം അതിഥികൾക്ക് ഇരിക്കാനുള്ള കസേരകളും മറ്റും എത്തിച്ചതും പർവേസിൻെറ കുടുംബം തന്നെയാണ്. വിവാഹമണ്ഡപം ഒരുക്കാൻ മുൻകൈ എടുത്തതും മുസ്ലീം കുടുംബം തന്നെയാണ്. അതിഥികളെ സ്വീകരിക്കാനും വിവാഹ ആഘോഷത്തിൽ പാട്ടുകൾ പാടാനുമൊക്കെ അവർ മുന്നിൽത്തന്നെ ഉണ്ടായിരുന്നുവെന്ന് രാജേഷ് കൂട്ടിച്ചേർത്തു. വിവാഹ ചടങ്ങിൻെറ ചുമതലയെല്ലാം പർവേസിൻെറ കുടുംബം ഏറ്റെടുത്തതോടെ യുവതിയുടെ കുടുംബത്തിൻെറ ഉത്തരവാദിത്വം കുറഞ്ഞു.
വിവാഹത്തിനായി മുറ്റവും വീടും മുഴുവനായി വിട്ടുകൊടുത്ത പർവേസിൻെറ കുടുംബം തന്നെയാണ് അതിഥകൾക്കുള്ള ഭക്ഷണവും ഒരുക്കിയത്. വിവാഹത്തിനെത്തിയ അതിഥികൾക്ക് സമ്മാനവും അവർ നൽകി. ഇതൊന്നും കൂടാതെ വിവാഹ സമ്മാനമായി പൂജയ്ക്ക് ഒരു സ്വർണമാലയും സമ്മാനിച്ചു. സ്വന്തം കുട്ടിയുടെ വിവാഹം പോലെയാണ് അവർ പൂജയുടെ വിവാഹം നടത്തിയതെന്ന് രാജേഷ് പറഞ്ഞു. അച്ഛനില്ലാത്തതിൻെറ വിഷമം അറിയിക്കാതെ എല്ലാം നടത്താൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂജയുടെ വിവാഹം തങ്ങളുടെ വീട്ടിൽ വെച്ച് ഭംഗിയായി നടത്താൻ സാധിച്ചതിൽ വലിയ സന്തോഷത്തിലാണ് പർവേസിൻെറ കുടുംബം. പൂജ തങ്ങൾക്ക് മകളെ പോലെയാണെന്ന് പർവേസിൻെറ ഭാര്യ നാദിറ പറഞ്ഞു. അവളുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് തീരുമാനിച്ചതാണ്. പുണ്യമാസമായ റംസാനിൽ മകളുടെ വിവാഹം നടത്താൻ സാധിക്കുന്നതിൽപരം സന്താഷം മറ്റൊന്നുമില്ലെന്നും നാദിറ പറഞ്ഞു. ഒരു മനുഷ്യന് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം മറ്റുള്ളവരെ തങ്ങളാൽ പറ്റുന്നത് പോലെ സഹായിക്കുക എന്നതാണ്. അത് ചെയ്യാൻ വേണ്ടി ശ്രമിക്കുക എന്നതാണ് കുടുംബത്തിൻെറ ലക്ഷ്യമെന്നും നാദിറ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.