ബെംഗളൂരു: ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലും ഉൾപ്പടെയുള്ള പരാതികളെ തുടർന്ന് മൈസൂരു ബിഷപ്പിനെ വത്തിക്കാന്‍ ഇടപെട്ട് സ്ഥാനത്ത് നിന്ന് നീക്കി. ബിഷപ്പ് കനികദാസ് എ വില്യമിനോട് അവധിയില്‍ പോകാനാണ് വത്തിക്കാനിൽനിന്നുള്ള നിര്‍ദേശം. പകരം ബെംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് 2018-ലാണ് ബെര്‍ണാര്‍ഡ് മോറസ് വിരമിച്ചത്.
ബിഷപ്പ് വില്യമിനെതിരെ ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലും കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സാമ്പത്തിക ആരോപണങ്ങളും ഇദ്ദേഹം നേരിട്ടിരുന്നു. ഇതേത്തുടർന്ന് വത്തിക്കാനിൽ ഉൾപ്പടെ ബിഷപ്പ് വില്യമിനെതിരെ നിരവധി പരാതികളുണ്ടായിരുന്നു. 2019ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്.
അതിനു മുമ്പ് ബിഷപ്പിനെതിരെ സഭാ വിശ്വാസിയായ സ്ത്രീയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നല്‍കണമെങ്കില്‍ വഴങ്ങണമെന്ന് ബിഷപ്പ് പറഞ്ഞതായും ഇവർ ആരോപിക്കുന്നു. ബിഷപ്പിനെതിരെ ഈ സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നതാണ് ഗുരുതരമായ മറ്റൊരു ആരോപണം. കൂടാതെ ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വൈദികര്‍ വത്തിക്കാന് നൽകിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.