ന്യൂഡല്‍ഹി: ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നൊട്ടാരുവിൻറെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കുറ്റകൃത്യങ്ങൾക്കായാണ് കില്ലർ ടീമിനെ രൂപീകരിച്ചത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആറു പേർ ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞവർഷം ജൂലൈ 28നാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെട്ടത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപതാകം. മുഹമ്മദ് ഷിയാബ്, അബ്ദുല്ല ബഷീര്‍, റിയാസ്, മുസ്തഫ പായിച്ചാർ, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, എം.നൗഫൽ, ഇസ്മായിൽ ഷാഫി, കെ.മഹമ്മദ് ഇഖ്ബാൽ, എം.ഷഹീദ്, ജി.മഹമ്മദ് ഷഫീഖ്, ഉമ്മർ ഫാറൂഖ്, അബ്ദുൽ കബീർ, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ.സൈനുൽ ആബിദ്, ഷെഖ് സദ്ദാം ഹുസൈൻ, സാക്കിയാർ, എൻ.അബ്ദുൽ ഹാരിസ്, എം.എച്ച്.തുഫൈൽ എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികൾ.
Also Read-പോപ്പുലർ ഫ്രണ്ട് ഹർത്താൽ മൂലമുണ്ടായ നഷ്ടം; ജപ്തി നടപടി നാളെയ്ക്കകം പൂർത്തിയാക്കാൻ നിർദേശം
ഇതിൽ മുസ്തഫ പായിച്ചാർ, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, ഉമ്മർ ഫാറൂഖ്, എം.എച്ച്.തുഫൈൽ എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈജറു,എം.എച്ച് തുഫൈൽ എന്നിവരെക്കുറിച്ച് വിവരം നൽകിയാൽ അഞ്ചുലക്ഷം രൂപവീതവും എം.ആർ.ഉമർ ഫാറൂഖ്,സിദ്ദീഖ് എന്ന ഗുജുരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നൽകിയാല്‍ രണ്ടു ലക്ഷം രൂപവീതവുമാണ് പ്രതിഫലം പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.