HOME » NEWS » India » OCEAN DEBRIS WASHED ASHORE AFTER TAUKTAE CYCLONE WREAK HAVOC ALONG MUMBAI COASTS MM

ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതം; സമുദ്രത്തിലെ മാലിന്യങ്ങൾ വലിയ തോതിൽ മുംബൈ തീരത്തടിയുന്നു

സമുദ്രത്തിൽ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞ വളരെ ഗൗരവതരമായ കാഴ്ചയാണ് മുംബൈ തീരത്ത് കാണാവുന്നത്

News18 Malayalam | news18-malayalam
Updated: May 20, 2021, 12:37 PM IST
ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതം; സമുദ്രത്തിലെ മാലിന്യങ്ങൾ വലിയ തോതിൽ മുംബൈ തീരത്തടിയുന്നു
തീരത്തടിഞ്ഞ മാലിന്യം
  • Share this:
ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങൾ മുംബൈ നഗരത്തെ വലിയ രീതിയിലാണ് ബാധിച്ചത്. മിക്കവാറും സ്ഥലങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാവുകയും ആളുകൾക്ക് കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയാനുള്ള നിർദ്ദേശം ഭരണകൂടം നൽകുകയും ചെയ്തു. പ്രകൃതിക്ഷോഭം ഉണ്ടാക്കിയ കെടുതികളെ അതിജീവിക്കാൻ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കഷ്ടപ്പെടുമ്പോൾ പ്രധാനപ്പെട്ട ഒരു കാഴ്ച എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. സമുദ്രത്തിൽ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞ വളരെ ഗൗരവതരമായ കാഴ്ചയാണ് അത്.

അടിയന്തിരമായി മാലിന്യ നിർമാർജനത്തിന് കൂടുതൽ കർശനമായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ കാഴ്ച ചൂണ്ടിക്കാട്ടുന്നത്. നമുക്ക് സങ്കൽപ്പിക്കാവുന്നതിലുമപ്പുറം സമുദ്രങ്ങൾ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മാലിന്യക്കൂനകളുടെ ചിത്രങ്ങൾ പറയാതെ പറയുന്നത്. ചുഴലിക്കാറ്റ് അടങ്ങിയതിന് ശേഷം നാല് വലിയ ട്രക്ക് മാലിന്യങ്ങൾ ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബി എം സി) ഔദ്യോഗിക വക്താവ് അറിയിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

"ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഏതാനും കല്ലുകൾ ചുഴലിക്കാറ്റിന്റെ ആഘാതം മൂലം ഇളകിത്തെറിച്ചു പോയിട്ടുണ്ട്. ഒപ്പം അവിടത്തെ ഫുട്പാത്തിനും ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്," മുൻസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഈ സ്ഥലത്ത് ബാരിക്കേഡുകൾ വെച്ച് ആളുകളുടെ പ്രവേശനം തടഞ്ഞതായും അറ്റകുറ്റപ്പണികൾക്കായി ഇളകി മാറിയ കല്ലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മുംബൈ മേയർ കിഷോരി പട്നേക്കറും സംഭവസ്ഥലം സന്ദർശിക്കുകയും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്ത് ഉണ്ടായ കേടുപാടുകൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവിന് സമീപം കടലിൽ നിന്നുള്ള ടൺ കണക്കിന് മാലിന്യങ്ങളാണ് അടിഞ്ഞു കൂടിയതെന്ന് അദ്ദേഹം പറഞ്ഞു.

"ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പ്രധാന ഘടനയ്ക്ക് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. പക്ഷെ സമുദ്രത്തെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന സുരക്ഷാ മതിലിനും ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഇരുമ്പ് തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടൽ തിരമാലകളുടെയും കാറ്റിന്റെയും ശക്തി മൂലം ചില കല്ലുകൾ ഇളകി അഞ്ച് മീറ്ററോളം അകലത്തിൽ തെറിച്ചു വീണിട്ടുണ്ട്," പട്നേക്കർ പി ടി ഐയോട് പറഞ്ഞു.

ട്വിറ്ററിൽ നിരവധി ആളുകളാണ് ചുഴലിക്കാറ്റിനു ശേഷം മുംബൈയിൽ കടൽത്തീരങ്ങളിൽ മാലിന്യം അടിഞ്ഞു കൂടിയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. "നിങ്ങൾ പ്രകൃതിയ്ക്ക് എന്താണോ നൽകിയത്, അത് പ്രകൃതിയും അതേ അളവിൽ തിരികെ നൽകുന്നു. സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ നദികളിലും കടലിലും മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ദയവായി ഉറപ്പു വരുത്തുക" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് മാലിന്യക്കൂനയുടെ ചിത്രത്തിന് ക്യാപ്ഷ്യനായി എഴുതിയത്.

Keywords: Mumbai, Cyclone, Tauktae, Garbage, Ocean Pollution, Gateway of India, മുംബൈ, ചുഴലിക്കാറ്റ്, ടൗട്ടെ, മാലിന്യം, സമുദ്ര മലിനീകരണം, ഗേറ്റ്‌വേ ഓഫ് ഇന്ത്യ
Published by: user_57
First published: May 20, 2021, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories