• HOME
 • »
 • NEWS
 • »
 • india
 • »
 • Covid 19 | 'മാസ്ക് അഴിക്കാന്‍ വരട്ടെ' , കോവിഡില്‍ ജാഗ്രത തുടരണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

Covid 19 | 'മാസ്ക് അഴിക്കാന്‍ വരട്ടെ' , കോവിഡില്‍ ജാഗ്രത തുടരണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് കേരളവും സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുപ്രധാന നിർദ്ദേശം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് പരിശോധനയും ഐസോലേഷനും  അടക്കമുള്ള കാര്യങ്ങളും വീഴ്ചയില്ലാതെ തുടരാനും കത്തില്‍ നിര്‍ദേശമുണ്ട്.

  പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് കേരളവും സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുപ്രധാന നിർദ്ദേശം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ പറയുമ്പോൾ,  ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം. ഇതിനിടെ, മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് തൽക്കാലം കുറച്ചിട്ടുണ്ട്.

  ഒമിക്രോണിന്റെ ഉപവകഭേദം: ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നു; ലക്ഷണങ്ങൾ അറിയാം


  കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ (Omicron) ഉപവകഭേദമായ ബിഎ.2 (BA.2 Variant) വേരിയന്റിന്റെ സാന്നിധ്യം ചൈനയിൽ (China) കൂടുതൽ രോഗികളിൽ കണ്ടെത്തിയിരിക്കുകയാണ്. രണ്ടു വർഷത്തിനിടെ ചൈനയിൽ ഭീഷണി ഉയർത്തുന്ന പ്രധാന വകഭേദമാണ് ഇതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് ഹോം ടെസ്റ്റ് കിറ്റുകളിലൂടെ ബിഎ.2 ഉപവകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയും.

  എന്നാൽ, കോവിഡ് അണുബാധയ്ക്ക് കാരണം ഈ വകഭേദമാണോ എന്ന് തീർച്ചപ്പെടുത്താൻ ഇത് പര്യാപ്തമല്ല. 2021 നവംബർ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തുകയും പിന്നീട് ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്ത ഒമിക്രോൺ ബിഎ.1 വകഭേദത്തിന്റെ തുടർച്ചയയാണ് ബിഎ.2 ഉപവകഭേദത്തിന്റെ വ്യാപനവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

  ബിഎ.1 വകഭേദത്തെക്കാൾ വ്യാപനശേഷി കൂടുതലാണ് എന്നതാണ് സ്റ്റെൽത്ത് ഉപവകഭേദം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ബിഎ.2 മൂലമുള്ള രോഗവ്യാപനം വർദ്ധിക്കാനുള്ള കാരണമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷൻ മുഖേനയും മുൻകാല കോവിഡ് രോഗബാധയിലൂടെയും ആർജ്ജിച്ചെടുക്കുന്ന രോഗപ്രതിരോധത്തെ എളുപ്പത്തിൽ മറികടക്കാൻ സ്റ്റെൽത്ത് വകഭേദത്തിന് കഴിയുന്നു എന്ന് ചില പ്രാഥമിക പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

  ഒമിക്രോണിന്റെ സ്റ്റെൽത്ത് വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെ?

  സ്റ്റെൽത്ത് വകഭേദം മൂലം രോഗബാധിതരായവർക്ക് തലകറക്കവും തളർച്ചയും അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ മാത്രമാണ്. തലകറക്കവും ക്ഷീണവും വിട്ടുമാറാതെ തുടരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങൾ ഏതാനും ദിവസം നീണ്ടുനിൽക്കുന്നതായി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. ഒമിക്രോൺ വകഭേദം ബാധിച്ച രോഗികളിൽ കണ്ടുവരുന്ന ജലദോഷം, തുമ്മൽ. ചുമ, തൊണ്ടവേദന മുതലായ ലക്ഷണങ്ങൾ സ്റ്റെൽത്ത് വകഭേദം ബാധിച്ചവരിലും ഉണ്ടാകുന്നതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്.

  നിലവിൽ, N95 മാസ്ക് ധരിക്കുകയും കൊറോണ വൈറസിനെതിരെ പൂർണമായും വാക്സിനേഷൻ നേടുകയും ചെയ്യുക എന്നതാണ് വൈറസിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും നല്ല മാർഗം.

  അതേസമയം, ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടർന്ന് അധികൃതർ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ജിലിന്‍ അടക്കമുള്ള വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കും. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി. ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

  വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് രാജ്യത്ത് കൂടുതലായി പടരുന്നത്. ഒമിക്രോണിന്‍റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം. ഇതിനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ താത്കാലിക ആശുപത്രി അടക്കം സ്ഥാപിച്ചിട്ടുണ്ട്.
  Published by:Arun krishna
  First published: