പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുസ്ലീം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മൗലാന സുഹൈബ് ഖാസ്മി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെയാണ് പിഎഫ്‌ഐ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെയും മദ്രസകളിലെയും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പിഎഫ്‌ഐ ഇപ്പോള്‍ പുതിയതും വ്യത്യസ്തവുമായ പേരുകളിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സമാധാനമുള്ള ഒരു രാജ്യമാണ് ഇന്ത്യ.വര്‍ഷങ്ങളായി മുസ്ലീങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. പിഎഫ്‌ഐ പോലുള്ള സംഘടനകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരായിരിക്കണം, ” ഖാസ്മി പറഞ്ഞു. ” സ്‌കൂളുകളിലും മദ്രസകളിലും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനാണ് സംഘടന ശ്രമിക്കുന്നത്. സര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിച്ചെങ്കിലും വ്യത്യസ്ത പേരുകളില്‍ സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, ” ഖാസ്മി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ദേശീയ അന്വേഷണ ഏജന്‍സി പിഎഫ്‌ഐ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിനു പിന്നാലെയാണ് രാജ്യത്ത് സംഘടന നിരോധിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ സംഘം അഭിഭാഷകനും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ മുഹമ്മദ് മുബാറക്കിനെ ഡിസംബര്‍ 29ന് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിലെ 56 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
ഇതാണ് മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഏജന്‍സി പറഞ്ഞിരുന്നു. എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശിയാണ് ഇയാള്‍. എല്‍എല്‍ബി ബിരുദധാരിയായ മുഹമ്മദ് മുബാറക്ക് ഹൈക്കോടതിയിലാണ് പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകളും ഇയാള്‍ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടില്‍ മുബാറകിന്റെ നേതൃത്വത്തില്‍ കരാട്ടെ, കുങ്ഫു പരിശീലനം നല്‍കുന്നുണ്ടായിരുന്നു.
അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇയാള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് പത്തംഗ എന്‍ഐഎ സംഘം മുബാറക്കിന്റെ വീട്ടിലെത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിന് ശേഷം വീട് വിശദമായി പരിശോധിച്ചിരുന്നു. മുബാറക്കിന്റെ മാതാപിതാക്കള്‍, ഭാര്യ, കുട്ടി എന്നിവരാണു വീട്ടില്‍ ഉണ്ടായിരുന്നത്. 9 മണി വരെ പരിശോധന നീണ്ടുനിന്നിരുന്നു. തുടര്‍ന്ന് മുബാറക്കിനേയും കൂട്ടി സംഘം മടങ്ങുകയായിരുന്നു.
ഇരുപത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റിലേക്ക് എന്‍ഐഎ കടന്നത്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണ് മുബാറക്ക്. അതേസമയം, വീട്ടില്‍ നിന്ന് പണവും മാരകായുധങ്ങളും കണ്ടെടുത്തെന്ന പ്രചാരണം മുബാറക്കിന്റെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് മുമ്പ് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു. കൊച്ചി എൻഐഎ കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.ഇതര സമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നത് രഹസ്യ വിഭാഗമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.