പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്റെ തന്നെ, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറിയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാകാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ൻ സംഘര്‍ഷത്തില്‍ ഏത് ഭാഗത്താണ് ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജയശങ്കര്‍.
ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ ജീവിതത്തിന് വേണ്ട അവശ്യ ഘടകങ്ങളായ ഭക്ഷണം, ഊര്‍ജം എന്നിവക്കെല്ലാം വില വര്‍ദ്ധിച്ചു. അതിനാല്‍ സമാധാനപരമായ നയതന്ത്ര ചര്‍ച്ചയിലൂടെ യുക്രെയ്ൻ സംഘര്‍ഷം ഒഴിവാക്കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോകത്തിന്റെ തന്നെ ശബ്ദമായി മാറിയിരിക്കുകയാണ്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ. കാരണം സംഘര്‍ഷത്തിന്റെ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ -റഷ്യ സംഘര്‍ഷം തുടങ്ങിയതുമുതല്‍ ഇരുരാജ്യങ്ങളുടെയും തലവന്‍മാരായ വ്ളാഡിമിർ സെലന്‍സ്‌കിയോടും(ഉക്രൈന്‍) വ്‌ളാഡിമിര്‍ പുടിനോടും നിരന്തരം ചര്‍ച്ച നടത്തുന്നയാളാണ് നരേന്ദ്രമോദി. ആയുധശക്തി കൊണ്ട് ഒന്നും നേടാനാകില്ലെന്ന് സെലന്‍സ്‌കിയോട് ഒക്ടോബര്‍ നാലിന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മോദി പറഞ്ഞിരുന്നു. സമാധാനപരമായ ഏത് പ്രവര്‍ത്തനത്തിനും ഇന്ത്യ കൂടെയുണ്ടാകുമെന്നും മോദി സെലന്‍സ്‌കിയോട് പറഞ്ഞു.
സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍, പുടിനോട് ‘ഇന്നത്തെ കാലം യുദ്ധത്തിന് അനിയോജ്യമല്ല’ എന്ന് പറഞ്ഞ മോദി, സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുടിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു സമാധാന ദൂതന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചോദ്യത്തിന് ജയശങ്കര്‍ നേരിട്ട് ഉത്തരം നല്‍കിയില്ല.
ഈ സാഹചര്യത്തില്‍ എന്തെങ്കിലും ഒന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും എല്ലാക്കാര്യങ്ങളും ഓരോരോ സാഹചര്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എല്ലാത്തരം വീക്ഷണങ്ങളും പങ്കിടുന്ന ചില രാജ്യങ്ങളുണ്ടെന്നും അതിലാണ് നമ്മുടെ ഇന്ത്യയുമുള്ളതെന്ന് മാത്രമെ ഇപ്പോള്‍ എനിക്ക് പറയാന്‍ കഴിയുകയുള്ളു,’ ജയശങ്കര്‍ പറഞ്ഞു.
Also read- രാജ്യത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ വേണം; ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് സൗദി
ജി-20 അധ്യക്ഷപദവി ഇന്ത്യയ്ക്ക് ലഭിച്ചതിനെപ്പറ്റിയും ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ജനയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായി നിമിഷമാണെന്നും അതില്‍ പങ്കാളികളായ എല്ലാവര്‍ക്കും ആശംസകൾ അറിയിച്ചു. ജി-20 നേട്ടത്തിന് ആവശ്യമില്ലാത്ത പരസ്യമാണ് നേതാക്കള്‍ നല്‍കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ പറയാന്‍ അര്‍ഹതയുണ്ട് എന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ‘ജി20 എന്നത് ഒരു രാഷ്ട്രീയഗ്രൂപ്പിന്റെ വിജയമോ തര്‍ക്കവിഷയമോ അല്ല. ജി-20 ഉച്ചകോടിയുടെ വിജയം നമുക്കെല്ലാവര്‍ക്കും അഭിമാനകരമാകുമെന്ന കാഴ്ചപ്പാട് രാജ്യത്തുടനീളമുണ്ട്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ലഡാക്കിന്റെ കിഴക്കന്‍ പ്രദേശത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ ചര്‍ച്ച നടത്തിവരികയാണെന്നും അതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന്റെ ഫലമായാണ് ഇപ്പോഴുള്ള സ്ഥിതി സംജാതമായതെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ക്രോസ് ബോര്‍ഡര്‍ ടെററിസത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ഇന്ത്യക്കെതിരായി പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമ്പോഴല്ലാതെ ആ രാജ്യവുമായി ചേര്‍ന്ന് ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.