രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. രാജസ്ഥാനിലെ അജ്മീറിനും ഡൽഹി കാന്റിനും ഇടയിലായിരിക്കും സർവീസ്. ഈ ട്രെയിന് ജയ്പൂർ, അൽവാർ, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങളിൽ സ്റ്റോപ്പുണ്ട്. സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുള്ള ട്രെയിൻ യാത്രാ സമയം മൂന്നര മണിക്കൂറായി കുറക്കുന്നതാണ് സെക്കന്തരാബാദ്-തിരുപ്പതി ട്രെയിൻ. ഇത് തീർഥാടകർക്കും ഏറെ ഉപകാരപ്രദമാണ്. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ ചെന്നൈയ്ക്കും വ്യവസായ നഗരമായ കോയമ്പത്തൂരിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറിലധികം കുറക്കുന്നതാണ്. രണ്ട് നഗരങ്ങൾക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനാണിത്. അഞ്ച് മണിക്കൂറും 50 മിനിറ്റുമാണ് യാത്രാ സമയം.
അജ്മീർ-ഡൽഹി കാന്റ് വന്ദേ ഭാരത് ട്രെയിനിന്റെ സവിശേഷതകൾ
- ഹൈ റൈസ് ഓവർഹെഡ് ഇലക്ട്രിക് (OHE) സെക്ടറിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് പാസഞ്ചർ ട്രെയിനാണ് അജ്മീർ-ഡൽഹി കാന്റ് വന്ദേ ഭാരത് എക്സ്പ്രസ്.
- അജ്മീറിൽ നിന്ന് ഡൽഹി കാന്റിലേക്ക് അഞ്ച് മണിക്കൂറും പതിനഞ്ചും മിനിറ്റും കൊണ്ട് ഈ വന്ദേ ഭാരത് ട്രെയിൻ ഓടിയെത്തും. നിലവിൽ, ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ശതാബ്ദി എക്സ്പ്രസ് ആണ്. ആറ് മണിക്കൂറും പതിനഞ്ചും മിനിറ്റുമാണ് ഈ ട്രെയിനിന്റെ യാത്രാസമയം.
- പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി പുതിയ വന്ദേ ഭാരത് ട്രെയിൻ മെച്ചപ്പെടുത്തുന്നുമെന്നും ഈ പ്രദേശത്ത് കൂടുതൽ സാമൂഹിക, സാമ്പത്തിക വികസനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
- ട്രെയിനിൽ എയർക്രാഫ്റ്റ് സ്റ്റൈൽ സീറ്റുകളാണ് ഉള്ളത്. ഇത് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു.
- അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ യാത്രക്കാരെ എളുപ്പത്തിൽ ഒഴിപ്പിക്കാൻ എല്ലാ കോച്ചുകളിലും നാല് എമർജൻസി വിൻഡോകൾ ഉണ്ട്.
- ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിൻ സെക്യൂരിറ്റി സിസ്റ്റമായ ‘കവച്’ (Kavach) എന്ന സംവിധാനവും ഈ ട്രെയിനിൽ ഉണ്ടാകും. ഇത് ട്രെയിൻ ബ്രേക്കിംഗ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാക്കുന്ന സംവിധാനമാണ്.
- എല്ലാ ക്ലാസുകളിലും ചാരിയിരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സീറ്റുകളാണ് ഉള്ളത്. എക്സിക്യൂട്ടീവ് കോച്ചുകളിൽ കറങ്ങുന്ന സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
- യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ വിവരങ്ങൾ നൽകുന്നതിനായും വിനോദത്തിനായും 32 ഇഞ്ച് സ്‌ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
- ട്രെയിനിൽ വികലാംഗർക്കു വേണ്ടി പ്രത്യേകം ശുചിമുറികളുണ്ട്. സീറ്റ് ഹാൻഡിലുകൾക്ക് ബ്രെയിൽ ലിപിയിൽ സീറ്റ് നമ്പറുകളുമുണ്ട്.
- ഈ വന്ദേ ബാരത് ട്രെയിനിൽ ഓട്ടോമാറ്റിക് ഡോറുകൾ, ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ഓൺ-ബോർഡ് വൈ-ഫൈ സൗകര്യങ്ങൾ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ് എന്നീ സൗകര്യങ്ങളും ഉണ്ട്. ഈ ട്രെയിനിന്റെ എല്ലാ ഭാഗങ്ങളും ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ചതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.