ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Also Read- റഫാൽ ജെറ്റ് ഇന്ത്യയെ കരുത്തരാക്കുന്നത് ഇങ്ങനെ
നമ്മുടെ പരമാധികാരത്തിൽ കണ്ണുവയ്ക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് റഫാൽ വിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതിലൂടെ നൽകുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. റഫാൽ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതൽ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അംബാലയിലേക്ക് പുറപ്പെടുന്നതിന് മുൻപു രാജ്നാഥ് സിങ്ങും ഫ്ലോറൻസ് പാർലിയും ഡൽഹിയിലെ പലം എയർ ഫോഴ്സ് സ്റ്റേഷനിൽവച്ച് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഫ്ലോറൻസ് പാർലി പുഷ്പചക്രം അർപ്പിച്ചു.
ചടങ്ങുകളുടെ ഭാഗമായി അംബാലയിൽ സര്‍വമത പ്രാർത്ഥന നടന്നു. അഞ്ച് റഫാലുകളെയും വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും ഉണ്ടായിരുന്നു.
ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ജൂലൈ 29നാണ് അംബാലയിൽ എത്തിയത്. അടുത്ത നാല് വിമാനങ്ങൾ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ambala Air Base, Galwan Valley clash, India China Clash, Indian airforce, Rafale fighter, Rafale Jets, Rajnath Singh, റാഫേൽ യുദ്ധവിമാനം