സോറി; വിവേചനമല്ല, ഈ ജോലികൾ സ്ത്രീകൾക്ക് പറ്റില്ലെന്ന് റെയിൽവേ
Last Updated:
ന്യൂഡൽഹി : ഭാവിയിൽ ചിലപ്പോൾ ചില റെയിൽവെ ജോലികൾക്കായി സ്ത്രീകൾക്ക് അപേക്ഷിക്കാനാവില്ല.
ഡ്രൈവർ, പോർട്ടർ,ഗാർഡ്, ഗാംഗ് മെൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പുരുഷൻമാരെ മാത്രം തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്ന് കാട്ടി പേര്‍സണൽ ആൻഡ് ട്രെയിനിംഗ് ഡിപ്പാർട്മെന്റിന് (ഡിഒപിറ്റി) കത്തയച്ചിരിക്കുകയാണ് റെയിൽവെ അധികൃതർ. കടുപ്പമേറിയതും പ്രതികൂലവുമായ ജോലി സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സുരക്ഷയില്ലെന്നും പ്രയാസമേറിയ ജോലിയാണുള്ളതെന്നും സംബന്ധിച്ച് ഈ മേഖലകളിൽ തന്നെ തൊഴിലെടുക്കുന്ന സ്ത്രീകൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ പ്രതിനിധീകരിച്ച് മുൻ റെയിൽവെ ബോർഡ് ചെയർമാന് ഒരു കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ജോലികളിൽ ഇനി സ്ത്രീകളെ ഉൾപ്പെടുത്തരുതെന്ന് കാണിച്ച് റെയിൽവെ കത്തയച്ചിരിക്കുന്നത്. നിലവിൽ ഈ ജോലി അവസരങ്ങൾക്ക് ലിംഗ വിവേചനമില്ല. എന്നാൽ സ്ത്രീകളുടെ സുരക്ഷക്കും ജോലി സാഹചര്യങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്.
advertisement
റെയിൽവെയിൽ ലിംഗവിവേചനമില്ല. എന്നാൽ ഈ ജോലികൾ അതി കഠിനമേറിയതാണ്. ജോലിയുടെ കാഠിന്യം കൊണ്ട് തന്നെയാണ് പണി ചെയ്യുന്നവർക്ക് അധിക നേട്ടങ്ങളും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ റെയിൽവെയുടെ അപേക്ഷയ്ക്ക് ഡിഒപിറ്റി അംഗീകാരം നല്‍കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ മുൻ ജീവനക്കാർ പറയുന്നത്.
1.3 ദശലക്ഷം ആളുകളാണ് റെയിൽവെയിൽ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇതിൽ 2 മുതൽ 3 ശതമാനം വരെ മാത്രം ആളുകളാണ് ഓഫീസ് ജോലികളിലുളളത്. ഡ്രൈവർ, ഗാർഡ്, ട്രാക്ക് മാൻ തുടങ്ങിയ തസ്തികയിലുള്ളവർ ഏത് സമയത്തും ജോലി ചെയ്യാൻ സജ്ജരായവരായിരിക്കണം.
advertisement
എന്നാൽ റെയിൽവെയുടെ തീരുമാനത്തെ എതിർത്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്. കഠിനമേറിയ ജോലികളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ നോക്കാതെ അവർക്ക് വേണ്ട അധിക സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഇവർ പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2019 1:23 PM IST