മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിമതർ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും രാജിവെക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ഔദ്യോഗിക വസതി ഒഴിഞ്ഞ് താമസം സ്വന്തം വസതിയായ മാതോശ്രീയിലേക്ക് മാറുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചു. ശിവസേനയും ഹൈന്ദവതയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ.
“എനിക്ക് ചില വിഷയങ്ങളെക്കുറിച്ച് നിങ്ങളോട് സംസാരിക്കണം. എന്തുകൊണ്ടാണ് ഞാൻ ആളുകളെ കാണാത്തതെന്ന് ചിലർ പറയുന്നു, ചിലർ നമ്മുടെ ഹൈന്ദവതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നു. ശിവസേനയും ഹിന്ദുത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ആദിത്യ താക്കറെയും ഏകനാഥ് ഷിൻഡെയും നമ്മുടെ ചില നേതാക്കളും അടുത്തിടെ അയോധ്യ സന്ദർശിച്ചിരുന്നു. ഇത് ബാലാസാഹെബ് താക്കറെയുടെ ശിവസേനയല്ലെന്ന് ചിലർ ആരോപിക്കുന്നു. ബാലാസാഹെബിന്റെ അതേ ചിന്തകളാണ് ഞങ്ങൾക്കുള്ളത്. ഹിന്ദുത്വത്തിന് വേണ്ടി ശിവസേന ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞങ്ങൾ ഒരേ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. ഞാൻ തന്നെ രണ്ടര വർഷമായി മുഖ്യമന്ത്രിയാണ്. നിയമസഭാ സമ്മേളനത്തിന് മുമ്പ് ഞാൻ നമ്മുടെ എംഎൽഎമാരെ ഹോട്ടലിൽ കണ്ടു. നമുക്കൊപ്പമുള്ളവരെ പോലും ഒരുമിച്ച് നിർത്തേണ്ടതായി വന്നു. അത്തരം ജനാധിപത്യം എനിക്ക് ഇഷ്ടമല്ല"- ഉദ്ദവ് താക്കറെ പറഞ്ഞു.
'ബലമായി പിടിച്ചുകൊണ്ടുപോയി തലയിൽ ഇഞ്ചക്ഷൻ വെച്ചു'; ഷിൻഡെ ക്യാംപിൽനിന്ന് മടങ്ങിയെത്തിയ എംഎൽഎയുടെ വെളിപ്പെടുത്തൽമുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ പാളയത്തിലാണെന്ന് കരുതപ്പെടുന്ന ശിവസേന എംഎൽഎ നിതിൻ ദേശ്മുഖ് മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തി. തന്നെ തട്ടിക്കൊണ്ടുപോയി ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഇദ്ദേഹം ആരോപിച്ചു. താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കൊപ്പമാണെന്നും ബാലാപൂർ എംഎൽഎ വ്യക്തമാക്കി.
“എനിക്ക് സുഖമില്ലായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ എന്നെ ബലം പ്രയോഗിച്ച് ആശുപത്രിയിൽ കൊണ്ടുപോയി, എനിക്ക് ഹൃദയാഘാതം വന്നെന്ന് പറഞ്ഞു. എന്റെ തലയിൽ ഒരു കുത്തിവയ്പ്പ് നൽകി. കുത്തിവയ്പ്പ് എന്താണെന്ന് എനിക്കറിയില്ല, ”ശിവസേന എംഎൽഎ പറഞ്ഞു. 'എന്നെ ബലമായി തട്ടിക്കൊണ്ടുപോയി, എന്നാൽ ഞാൻ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് ദേശ്മുഖിനെ ഹോട്ടലിൽ നിന്ന് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രസ്താവന. സൂറത്തിലെ ഹോട്ടലിൽ വെച്ച് മറ്റ് ശിവസേന എം.എൽ.എമാരുമായി ചേക്കേറിയ എം.എൽ.എയെ സഹപ്രവർത്തകരിൽ ചിലർ മർദിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരിച്ചു പോകണമെന്ന് ദേശ്മുഖ് പറഞ്ഞപ്പോൾ ഒരു സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ബാലാപൂരിൽ നിന്നുള്ള ശിവസേന എംഎൽഎയും 10-ഓളം നിയമസഭാംഗങ്ങളും ഷിൻഡെയ്‌ക്കൊപ്പം തിങ്കളാഴ്ച രാത്രി മുംബൈയിൽ നിന്ന് സൂററ്റിലെത്തി ആഡംബര ഹോട്ടലിൽ എത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ചൊവ്വാഴ്ച സിവിൽ ആശുപത്രിയിൽ ദേശ്മുഖിനെ കണ്ടിരുന്നു.
തന്റെ ഭർത്താവിനെ കാണാതായെന്നും തിങ്കളാഴ്ച രാത്രി മുതൽ ഫോണിൽ ബന്ധപ്പെടാനായില്ലെന്നും കാണിച്ച് ദേശ്മുഖിന്റെ ഭാര്യ പ്രഞ്ജലി ദേശ്മുഖ് അകോളയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.