പഹല്‍ഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ കശ്മീരിലെത്തിയത് കേരളത്തിൽ പഠിച്ച ശേഷമെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തു. കശ്മീരിലേക്കു മടങ്ങിയെത്തിയ ഇയാൾ ഇവിടെ ലാബ് തുറന്നു. പിന്നാലെ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും തുടങ്ങി
ന്യൂഡൽഹി: ദ റസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. കേരളത്തിൽ പഠിച്ചിട്ടുള്ള ഇയാളെ 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിൽ ജനിച്ചുവളർന്ന 50കാരനായ ഗുൽ പാകിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണ് ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 2020നും 2024നും ഇടയിൽ സെൻട്രൽ, സൗത്ത് കശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇയാളായിരുന്നു. ശ്രീനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സജ്ജാദ് ഗുൽ ബെംഗളൂരുവിൽനിന്നാണ് എംബിഎ പൂർത്തിയാക്കിയത്.
പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തു. കശ്മീരിലേക്കു മടങ്ങിയെത്തിയ ഇയാൾ ഇവിടെ ലാബ് തുറന്നു. പിന്നാലെ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും തുടങ്ങി. ഭീകര സംഘടനയുടെ സഹായിയായി പ്രവർത്തിക്കുന്നതിനിടെ 2002ൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇയാളെ പിടികൂടിയിരുന്നു. നഗരത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു ഇയാൾ.
advertisement
2003 ഓഗസ്റ്റ് ഏഴിനു 10 വർഷം തടവിന് വിധിച്ചു. 2017ൽ ജയിൽ മോചിതനായശേഷം പാകിസ്ഥാനിലെത്തിയ ഇയാളെ ഐഎസ്ഐ ലക്ഷ്യമിടുകയും ലഷ്കറെയുടെ കീഴിൽ ടിആർഎഫിന്റെ ചുമതല ഏൽപിക്കുകയുമായിരുന്നു.
സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്ന പേരിലും അറിയപ്പെടുന്ന ഗുൽ നിരവധി ഭീകരവാദ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു. 2020 നും 2024നും ഇടയിൽ മധ്യ, ദക്ഷിണ കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഗുല്ലിൻറെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. മധ്യ ക്ശമീരിൽ 2023ൽ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്നാഗിൽ ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അപ്രതീക്ഷിത ആക്രമണം, ടണൽ നിർമാണത്തിനിടെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരൻ ഗുൽ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 08, 2025 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഹല്‍ഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ കശ്മീരിലെത്തിയത് കേരളത്തിൽ പഠിച്ച ശേഷമെന്ന് സൂചന