• HOME
 • »
 • NEWS
 • »
 • india
 • »
 • ചരിത്രം ആവർത്തിക്കുന്നു; ദേവസ്വത്തിനുവേണ്ടി ഹാജരാകുന്നത് സി.പിയുടെ കൊച്ചുമകൻ

ചരിത്രം ആവർത്തിക്കുന്നു; ദേവസ്വത്തിനുവേണ്ടി ഹാജരാകുന്നത് സി.പിയുടെ കൊച്ചുമകൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച പുഃനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്നത് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനത്തിന് മുൻകൈയെടുത്ത സര്‍ സി.പിയുടെ കൊച്ചുമകന്‍. ചെന്നൈ സ്വദേശിയായ അഡ്വക്കേറ്റ് സി.എ സുന്ദരം എന്ന ആര്യാമ സുന്ദരമാണ് ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെത്തുന്നത്. 1936-ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുന്നാള്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അക്കാലത്ത് തിരുവിതാംകൂറിലെ ദിവാൻ സര്‍ സി.പി രാമസ്വാമി അയ്യർ ആയിരുന്നു.

  അതേ സി.പിയുടെ കൊച്ചുമകൻ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിന് കീഴിലുള്ള ദേവസ്വം ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാനെത്തുന്നത് കൌതുകകരമാണ്.

  ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍പിള്ള

  അമേരിക്കൻ മോഡലിൽ സ്വതന്ത്ര തിരുവിതാംകൂർ എന്ന നിലപാടുമായി മുന്നോട്ടുപോയ ദിവാനും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് പുന്നപ്ര-വയലാർ സമരത്തിലേക്ക് നയിച്ചത്. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യവുമായി വാരിക്കുന്തങ്ങളുമായി പോരാടിയ കമ്മ്യൂണിസ്റ്റുകാരെ സി.പിയുടെ പട്ടാളം ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു. സർ സി.പിയെ ഒരിക്കലും അംഗീകരിക്കാനാകാത്ത അന്നത്തെ കമ്മ്യൂണിസ്റ്റ് തലമുറയിൽപ്പെട്ടവരുടെ പിൻമുറക്കാരിൽ ചിലർക്കെങ്കിലും ഇപ്പോഴത്തെ സർക്കാർ തീരുമാനം ഉൾക്കൊള്ളാനാകുന്നില്ല എന്നത് വസ്തതയാണ്. പുന്നപ്ര-വയലാർ സമരനായകരിൽ ഒരാളായ വി.എസ് അച്യൂതാനന്ദൻ ഈ സർക്കാരിന്‍റെ ഭാഗമായിരിക്കുമ്പോഴാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

  സർ സി.പി മുൻകൈയെടുത്ത് നടത്തിയ നീക്കങ്ങളായിരുന്നു തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരവും അതുവഴി പിന്നോക്ക വിഭാഗത്തിന് ക്ഷേത്രപ്രവേശനവും സാധ്യമായത്. ക്ഷേത്രപ്രവേശനത്തിന്‍റെ 82-ാം വാർഷികവേളയിലാണ് സർ സി.പിയുടെ കൊച്ചുമകന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ കേസ് ഏൽപ്പിക്കുന്നത്.

  ഇത്രയുംകാലം സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്വിയായിരുന്നു ദേവസ്വം ബോർഡിനുവേണ്ടി കോടതിയിൽ ഹാജരായിരുന്നത്. എന്നാൽ റിവ്യൂ ഹർജി പരിഗണിക്കുന്ന വേളയിൽ മനു അഭിഷേക് സിങ്വിയെ ഒഴിവാക്കി പകരം ആര്യാമ സുന്ദരത്തെ സർക്കാർ കേസ് ഏൽപ്പിക്കുകയായിരുന്നു. സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് മനു അഭിഷേക് സിങ്വി കേസിൽനിന്ന് സ്വയം ഒഴിവായതായും സൂചനയുണ്ട്. എന്‍എസ്എസിനോട് അനുഭാവമുണ്ടെന്ന കാരണത്താലാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിരുന്ന അഡ്വ. ബീന മാധവനെ മാറ്റിയത്.

  ചെന്നൈയില്‍നിന്നുള്ള ആര്യാമ സുന്ദരം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. സുപ്രീം കോടതിയിൽ ഏറ്റവുമധികം ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളാണ് ആര്യാമ സുന്ദരം. ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. ഇന്ത്യയിലെ പ്രമാദമായ നിരവധി കോർപറേറ്റ് കേസുകൾ ഉൾപ്പടെ ഇദ്ദേഹം വാദിച്ചിട്ടുണ്ട്. ബിസിസിഐ മുൻ പ്രസിഡന്‍റ് എൻ ശ്രീനിവാസനുവേണ്ടി ഐ.പി.എൽ കേസുകളിൽ ഹാജരായതും ആര്യാമ സുന്ദരമായിരുന്നു. ഭരണഘടന, മാധ്യമങ്ങൾ എന്നിവ സംബന്ധിച്ച കേസുകൾ വാദിക്കുന്നതിൽ വിദഗ്ദ്ധനായാണ് ആര്യാമ സുന്ദരം അറിയപ്പെടുന്നത്. ഒട്ടേറെ പ്രഗൽഭ അഭിഭാഷകർ ഇദ്ദേഹത്തിന്‍റെ കുടുംബത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. വക്കീലായി പേരെടുത്തിട്ടുള്ളയാളാണ് സർ സി.പി രാമസ്വാമി അയ്യർ. കൂടാതെ ഇവരുടെ കുടുംബാംഗമായ സി.ആർ പട്ടാഭിരാമൻ 1960ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു.
  First published: