മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ശ്രേശൻ ഫാർമസ്യുട്ടിക്കൽ ഉടമ ചെന്നൈയിൽ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രേശൻ ഫാർമ നിർമിച്ച കോൾഡ്രിഫ് ചുമ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ 21 കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്
മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ, തമിഴ്‌നാട്ടിലെ ശ്രേശൻ ഫാർമയുടെ ഉടമയായ ജി രംഗനാഥൻ അറസ്റ്റിലായി. ചെന്നൈയിൽ വച്ചാണ് മധ്യപ്രദേശ് പൊലീസ് രംഗനാഥനെ അറസ്റ്റ് ചെയ്തത്. നിരവധി കുട്ടികളുടെ ജീവനെടുത്ത 'കോൾഡ്രിഫ്' (Coldrif) ചുമ മരുന്ന് നിർമിച്ച സ്ഥാപനമാണ് ശ്രേശൻ ഫാർമസ്യൂട്ടിക്കൽസ്. അറസ്റ്റിനുശേഷം രംഗനാഥനെ മരുന്ന് നിർമിച്ച കാഞ്ചീപുരത്തെ ഫാക്ടറിയിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രംഗനാഥനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 105, 276 വകുപ്പുകൾ പ്രകാരവും 27A ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് മധ്യപ്രദേശ് പൊലീസ് സംഘം ചെന്നൈയിലെത്തിയത്. ചെന്നൈ പോലീസ് മുഖേനയാണ് അറസ്റ്റ് നടത്തിയത്.
ശ്രേശൻ ഫാർമ നിർമിച്ച കോൾഡ്രിഫ് ചുമ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ 21 കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്. ഇത് സംസ്ഥാനത്ത് വലിയൊരു ആരോഗ്യപ്രതിസന്ധിക്ക് കാരണമായി.
മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല കഴിഞ്ഞ ദിവസം ചിന്ദ്വാരയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രംഗനാഥനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
advertisement
കോൾഡ്രിഫ് സിറപ്പിൽ അടങ്ങിയ വിഷാംശമുള്ള രാസവസ്തുക്കൾ കുട്ടികളുടെ വൃക്കകളെ ഗുരുതരമായി ബാധിച്ചതായി മെഡിക്കൽ പരിശോധനകളിൽ കണ്ടെത്തി. സിറപ്പ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുകയും ആരോഗ്യനില അതിവേഗം വഷളാവുകയുമായിരുന്നു.
സംഭവം വൻ പ്രതിഷേധത്തിന് കാരണമായതോടെ പഞ്ചാബ്, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ ചുമ മരുന്നിന് നിരോധനം ഏർപ്പെടുത്തി.
അതേസമയം, ചിന്ദ്വാര ജില്ലാ ഭരണകൂടം അഞ്ച് മെഡിക്കൽ സ്റ്റോറുകൾ സീൽ ചെയ്യുകയും മരുന്നിന്റെ സാംപിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ പബ്ലിക് അനൗൺസ്‌മെന്റുകൾ നടത്തി കുട്ടികൾക്ക് ചുമ സിറപ്പുകൾ നൽകുന്നതിനെതിരെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
അതിനിടെ, കുട്ടികളുടെ മരണങ്ങളെത്തുടർന്ന് മരുന്ന് സുരക്ഷാ സംവിധാനങ്ങളിൽ അന്വേഷണവും വ്യവസ്ഥാപരമായ പരിഷ്കരണവും ആവശ്യപ്പെട്ട് അഭിഭാഷകൻ വിശാൽ തിവാരി സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. സംഭവങ്ങളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട ഹർജി, സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു ദേശീയ ജുഡീഷ്യൽ കമ്മീഷനോ വിദഗ്ദ്ധ സമിതിയോ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 09, 2025 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ശ്രേശൻ ഫാർമസ്യുട്ടിക്കൽ ഉടമ ചെന്നൈയിൽ അറസ്റ്റിൽ