MK Stalin | ദളിത് ഉദ്യോഗസ്ഥനെ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം; തമിഴ്നാട് ഗതാഗതമന്ത്രിയെ 'പിന്നാക്ക' വിഭാഗത്തിലേക്ക് മാറ്റി മുഖ്യമന്ത്രി സ്റ്റാലിൻ
- Published by:Rajesh V
- news18-malayalam
Last Updated:
പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി 'ശിക്ഷ' നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങൾ വിശദമാക്കുന്നത്.
ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ (Dalit Officer) ജാതീയമായി അധിക്ഷേപിച്ചുവെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗതാഗതമന്ത്രി (Tamil Nadu Transport Minister) ആർ എസ് രാജാകണ്ണപ്പനെ (RS Rajakannappan) തൽസ്ഥാനത്ത് നിന്നു നീക്കി. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി ജാതീയമായി അധിക്ഷേപിച്ചത്. പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനെയാണ് ഗതാഗത വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. രാജാകണ്ണപ്പനെ പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി 'ശിക്ഷ' നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങൾ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് ഇത്.
ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നും രാമനാഥപുരം മുതുകുളത്തൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇതേറ്റെടുത്ത ബിജെപി, പട്ടികജാതി കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ മന്ത്രിയെ മാറ്റുകയായിരുന്നു.
സേലം കടായപ്പടിയിൽ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനാകുന്നത് തടയാൻ ഡിഎംകെ കൗൺസിലമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിലും സ്റ്റാലിൻ ഇടപെട്ടിരുന്നു. കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെയാണ് അണികൾ വഴങ്ങിയതും പിന്നാലെ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും.
advertisement
നാല് ദിവസത്തെ യുഎഇ സന്ദർശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മടങ്ങിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപവുമായാണ്. സംസ്ഥാന സർക്കാർ പ്രമുഖ നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് നാട്ടിലേക്ക് മടങ്ങുന്ന 14,700 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെന്നൈ പെരുങ്കുടിയിലുള്ള വേൾഡ് ട്രേഡ് സെന്ററിൽ ആമസോൺ ഇന്ത്യയുടെ പുതിയ ഓഫീസും സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
English Summary: In a first cabinet reshuffle of the DMK government, the portfolios of ministers R S Rajakannappan and S S Sivasankar have been swapped. Based on the recommendations of chief minister M K Stalin, the portfolios of the “Transport, Nationalised Transport and Motor Vehicles Act” dealt with by Rajakannappan had been allocated to S S Sivasankar. Sivasankar had been redesignated as minister for transport, said a Raj Bhavan release. The move comes in the wake of allegations of a block development officer (BDO) of Mudukulathur in Ramanathapuram district that Rajakannappan had abused him by caste name.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2022 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
MK Stalin | ദളിത് ഉദ്യോഗസ്ഥനെ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം; തമിഴ്നാട് ഗതാഗതമന്ത്രിയെ 'പിന്നാക്ക' വിഭാഗത്തിലേക്ക് മാറ്റി മുഖ്യമന്ത്രി സ്റ്റാലിൻ