കേരളത്തിലെ ബിജെപിയേക്കാൾ വലിയ പാർട്ടിയായി രാജസ്ഥാനിൽ സിപിഎം
Last Updated:
ജയ്പുർ: കർഷകരെ സംഘടിപ്പിച്ച് നേടിയ കരുത്തിലൂടെ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ വിജയിച്ച് സിപിഎം. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദുംഗർഗഡ്, ഭദ്ര മണ്ഡലങ്ങളാണ് സിപിഎം വിജയിച്ചത്. ദുംഗർഗഡിൽ ഗിർധാരി ലാൽ മാഹിയ 23,888 വോട്ടുകൾക്ക് കോൺഗ്രസിനെയും ഭദ്രയിൽ ബൽവാൻ പൂനിയ 20743 വോട്ടുകൾക്കു ബിജെപിയെയുമാണ് തോൽപ്പിച്ചത്. അതേസമയം സിപിഎം പ്രതീക്ഷ വെച്ചിരുന്ന ധോദ് മണ്ഡലത്തിൽ പേമാറാം രണ്ടാമതെത്താനെ സാധിച്ചുള്ളു. രണ്ട് സീറ്റുകൾ വിജയിച്ചതോടെ കേരളത്തിലെ ബിജെപിയേക്കാൾ വലിയ പാർട്ടിയായി രാജസ്ഥാനിലെ സിപിഎം മാറി. കേരളത്തിൽ മാത്രമുള്ള പാർട്ടിയെന്ന ട്രോളിന് സിപിഎമ്മിന്‍റെ മറുട്രോളായി മാറുകയാണിത്.
ഇത്തവണ 28 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. 2013-ൽ ബിജെപി തൂത്തുവാരിയ രാജസ്ഥാൻ നിയമസഭയിൽ രണ്ട് സീറ്റ് നേടിയാണ് സിപിഎം തിരിച്ചുവന്നിരിക്കുന്നത്. രണ്ടു സീറ്റുകളിൽ ജയിച്ചതിന് പുറമെ രണ്ടു സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താനുമായത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമായാണ് രാഷ്ട്രീയനിരീക്ഷകർ കാണുന്നത്. കർഷകനായ ഗിർധാരി ലാൽ മാഹിയയും ബൽവാൻ പൂനിയയും ജയിച്ചപ്പോൾ ദോഡ് മണ്ഡലത്തിൽ പേമാറാമും റായ്സിങ് നഗറിൽ ഷ്യോപത് റാമുമാണ് രണ്ടാമതെത്തിയത്. 2008-ൽ സിപിഎം രാജസ്ഥാനിൽ മൂന്ന് സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ ബിജെപി തരംഗം ആഞ്ഞടിച്ച 2013ൽ സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. മത്സരിച്ച പല സീറ്റുകളിലും നോട്ടയ്ക്കും പിന്നിലായിരുന്നു സിപിഎം. ഇത്തവണ മൂന്നു സീറ്റുകളിൽ ജയിക്കുമെന്നും 10 സീറ്റുകളിൽ പതിനായിരത്തോളം വോട്ടുകൾ നേടുമെന്നുമായിരുന്നു ശക്തമായ പ്രചരണം നടത്തിയ പാർട്ടിയുടെ അവകാശവാദം.
advertisement
കർഷകർ തുണച്ചു, ഒപ്പം വൈദ്യുതി ചാർജ് വർധനവിനെതിരായ സമരവും
രണ്ട് സീറ്റുകളിൽ സിപിഎമ്മിന് വിജയിക്കാനായത് കർഷകരുടെ ഉറച്ച പിന്തുണയും വൈദ്യുതി ചാർജ് വർധനവിനെതിരായ സമരം വിജയം കണ്ടതുമാണ്. തുടർച്ചയായ കർഷക പ്രക്ഷോഭങ്ങളിലൂടെയാണ് സിപിഎം രാജസ്ഥാനിൽ ചുവടുറപ്പിച്ചത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ജലസേചന സൌകര്യങ്ങൾ ഒരുക്കുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഎം കർഷകരെ അണിനിരത്തി സമരം ചെയ്തത്. ഏറെക്കാലത്തെ സമരം ഒടുവിൽ ഭാഗികമായെങ്കിലും വിജയം കണ്ടു. കർഷകരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ അംഗീകരിച്ചു. ഇതനുസരിച്ച് 50000 രൂപയുടെ കടം എഴുതിത്തള്ളുകയും കൂട്ടിയ വൈദ്യുതി ചാർജ് കുറയ്ക്കുകയും ചെയ്തിരുന്നു.
advertisement
2013ൽ നോട്ടയ്ക്കും പിന്നിൽ; 2018ൽ 20000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം
2013ൽ നോട്ടയ്ക്കും പിന്നിലായിപ്പോയ സിപിഎം ഇത്തവണ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദുംഗർഗഡിൽ വിജയിച്ചത്. മണ്ഡലത്തിൽ 2013ൽ 2597 വോട്ട് നോട്ടയ്ക്ക് കിട്ടിയപ്പോൾ സിപിഎമ്മിന് ലഭിച്ചത് വെറും 2527 വോട്ടുകൾ മാത്രമാണ്. എന്നാൽ ഇത്തവണ ഗിർധാരി മാഹിയ ഇത്തവണ 72,000ൽ അധികം വോട്ടുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. സിപിഎമ്മിന് സ്വാധീനമുള്ള ഭദ്ര മണ്ഡലത്തിൽ 2013ൽ 38,000 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ നേടിയത് 73,000ൽ അധികം വോട്ടുകളാണ്.
advertisement
ഇത്തവണ ലോക് താന്ത്രിക് മോർച്ചയ്ക്ക് കീഴിൽ
കർഷകരെ സംഘടിപ്പിച്ച് നടത്തിയ മുന്നേറ്റങ്ങളാണ് രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട വിജയം സിപിഎമ്മിന് നേടിക്കൊടുത്തത്. ഏഴ് രാഷ്ട്രീയ പാര്‍ട്ടികൾ ഉൾപ്പെട്ട രാജസ്ഥാന്‍ ലോക്തന്ത്രിക് മോര്‍ച്ച എന്ന സഖ്യത്തിന് കീഴിലാണ് സിപിഎം മത്സരിച്ചത്. സിപിഐ, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദള്‍, സിപിഐ(എംഎല്‍), മാക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുണ്ടായിരുന്നത്. ഭരത്പുർ മണ്ഡലത്തിൽ ആർ.എൽ.ഡി സ്ഥാനാർഥി ഡോ. സുഭാഷ് ഗാർഗും വിജയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാനിധ്യവും കർഷകർക്ക് സ്വാധീനവുമുള്ള മണ്ഡലങ്ങളിലാണ് സിപിഎം നേട്ടമുണ്ടാക്കിയത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2018 4:57 PM IST


