ന്യൂഡൽഹി: ചാനലുകളുടെ ജനപ്രീതി കണക്കാക്കുന്നതിന് പ്രത്യേക സംവിധാനം ആവശ്യമാണെന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. നിലവിൽ ജനപ്രീതി കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ടി.ആർ.പി റേറ്റിംഗ് സംവിധാനം നിർത്താലാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ആയിരത്തോളം പ്രേക്ഷകരുടെ ടെലിവിഷനിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരങ്ങളിലൂടെ ചാനൽ പരിപാടികളുടെ ജനപ്രീതി കണ്ടെത്തുന്ന രീതിയാണ് ടി.ആർ.പി റേറ്റിംഗ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളുടെ മാത്രം പരിഗണിച്ചാൽ ടി.ആർ.പി റേറ്റിംഗ് അടിയന്തിരമായി നിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാണ്. ചാനലുകളിലെ പ്രകോപനപരമായ പരിപാടികളെ ടി.ആർ.പി റേറ്റിംഗിന്റെ പേരിൽ ന്യായീകരിക്കാനാകില്ലെന്നും ജാവദേക്കർ ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ സംഘടിപ്പിച്ച് പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
"വാർത്തകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ മാധ്യമ സ്ഥാപനങ്ങൾ സ്വയം തയാറാകണം. മാധ്യമങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന സർക്കാരാണിത്. എന്നാൽ ആ സ്വാതന്ത്ര്യം എന്തൊക്കെയാണെന്ന് ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ഒരു മാർഗം ആവിഷ്കരിക്കണം"- അദ്ദേഹം ആവശ്യപ്പെട്ടു.
പെയ്ഡ് ന്യൂസിനും ഫേക്ക് ന്യൂസിനും പിന്നാലെ ഇപ്പോൾ നടക്കുന്നത് ടി.ആർ.പി ജേണലിസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഉത്തരവാദിത്തത്തോടെയുള്ള പത്രപ്രവർത്തനമാണ് വേണ്ടത്. ആ ഉത്തരവാദിത്തം ഉള്ളിൽ നിന്നാണ് വരേണ്ടതാണെന്നും ജാവദേക്കർ പറഞ്ഞു.
ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉൾപ്പെടുത്തി മീഡിയ കൗൺസിൽ രൂപീകരിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ശിപാർശ ചെയ്തെങ്കിലും ചാനൽ ഉടമകൾ അതിനെതിരെ രംഗത്തെത്തിയെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.