നിർബന്ധിത മതപരിവർത്തന വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും മനസ്സിലാക്കുന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും മറ്റുള്ളവരെ മതം മാറ്റാനുള്ള അവകാശം ആരുടെയും മൗലികാവകാശത്തിൽ ഉൾപ്പെടുന്നില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയ്ക്കുള്ള മറുപടി നൽകവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
“നിലവിലെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിവിധി കേന്ദ്രസർക്കാർ എല്ലാ ഗൗരവത്തോടെയും പരിഗണിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ ധാരണ ഉണ്ട് ” അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയ്ക്കുള്ള മറുപടി നൽകവെ കേന്ദ്ര സർക്കാർ പറഞ്ഞു.
ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകി പ്രലോഭിപ്പിച്ചും നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപാധ്യായ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. മതപരിവർത്തനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഒരു റിപ്പോർട്ടും ബില്ലും തയ്യാറാക്കാൻ ഇന്ത്യൻ ലോ കമ്മീഷനോട് നിർദേശിക്കണമെന്നും ഉപാധ്യായ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജിയിൽ മുമ്പ് നടന്ന വാദം കേട്ടപ്പോൾ തന്നെ സുപ്രീം കോടതി ഈ വിഷയത്തെ “വളരെ ഗൗരവമുള്ളത്” എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല ഈ വിഷയം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാർ പ്രതികരണം അറിയിച്ചത്.
“മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റുള്ളവരെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ല. വഞ്ചന, തെറ്റിധരിപ്പിക്കൽ, ബലപ്രയോഗം, പ്രലോഭനം അല്ലെങ്കിൽ അത്തരത്തിലുള്ള മറ്റ് മാർഗങ്ങളിലൂടെ ഒരു വ്യക്തിയെ മതപരിവർത്തനം ചെയ്യാനുള്ള അവകാശം പ്രസ്തുത അവകാശത്തിൽ തീർച്ചയായും ഉൾപ്പെടുന്നില്ല” കോടതി നിർദ്ദേശപ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എ എൻ റേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിൽ സുപ്രീം കോടതി ‘പ്രചാരണം’, ‘പൊതുക്രമം’ എന്നീ വാക്കുകളുടെ പരിധി പരിശോധിച്ചിരുന്നു. സംഘടിതവും സങ്കീർണ്ണവുമായ വൻതോതിലുള്ള നിയമവിരുദ്ധ മതപരിവർത്തനങ്ങളുടെ ഭീഷണി നിയന്ത്രിക്കാനും തടയാനും ശ്രമിക്കുന്ന നിയമങ്ങൾ സുപ്രീം കോടതി വിധിയിൽ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കൂട്ടിചേർത്തു.
സ്ത്രീകളുൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെയും വിലപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്ന് കേന്ദസർക്കാർ ഊന്നിപ്പറഞ്ഞു. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.