ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം (Assembly Election Result 2022) അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തില്‍ സവിശേഷ പ്രധാന്യമര്‍ഹിക്കുന്നതാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. തുടര്‍ഭരണത്തിനായി ബിജെപിയും തിരിച്ചുവരവിനായി എസ്പിയും കടുത്ത പോരാട്ടമാണ് ഉത്തര്‍പ്രദേശില്‍ നടന്നത്.
2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 എണ്ണം ബിജെപി നേടി. രണ്ടാമതെത്തിയ സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റുകളാണ് ലഭിച്ചത്. ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് വെറും ഏഴ് സീറ്റില്‍ ഒതുങ്ങി.
2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്പി 224 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ 2017ല്‍ അധികാര തുടര്‍ച്ചയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ 2022 ലെ തെരഞ്ഞെടുപ്പ് സമാജ് വാദി പാര്‍ട്ടിയ്ക്ക് തിരിച്ചുവരവ് പ്രതീക്ഷിച്ചുള്ള തെരഞ്ഞെടുപ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.