• HOME
 • »
 • NEWS
 • »
 • india
 • »
 • ആരാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയ സത്യകി സവര്‍ക്കര്‍?

ആരാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയ സത്യകി സവര്‍ക്കര്‍?

മഹാരാഷ്ട്രയിലെയും പൂനെയിലെയും ഹിന്ദുത്വ പ്രസ്ഥാനത്തിലെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.

 • Share this:

  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബുധനാഴ്ച പൂനെയിലെ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയ സത്യകി അശോക് സവര്‍ക്കര്‍ ആരാണ്? സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ സൈദ്ധാന്തികനുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചെറുമകനാണ്സത്യകി സവര്‍ക്കര്‍. മഹാരാഷ്ട്രയിലെയും പൂനെയിലെയും ഹിന്ദുത്വ പ്രസ്ഥാനത്തിലെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.

  സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ സത്യകിയ്ക്ക് ഐടി മേഖലയില്‍ 19 വര്‍ഷത്തെ പരിചയമുണ്ട്. പൂനെ നഗരത്തിലെ ദത്തവാദിയില്‍ താമസിക്കുന്ന 40 കാരനായ സത്യകി ഇപ്പോള്‍ ബാലേവാഡിയിലെ ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

  വിനായക് ദാമോദര്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ ദാമോദര്‍ സവര്‍ക്കറുടെ മകനാണ് സത്യകിയുടെ പിതാവ് അശോക്. സത്യകിയുടെ മുത്തച്ഛന്‍ നാരായണ്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയും വിനായക് സവര്‍ക്കറുടെ കാഴ്ചപ്പാടുകളുടെ ശക്തമായ പിന്തുണക്കാരനുമായിരുന്നു.

  ‘ബ്രിട്ടീഷുകാര്‍ക്കെതിരായ സായുധ വിപ്ലവ പ്രസ്ഥാനത്തില്‍ നാരായണ്‍ സവര്‍ക്കര്‍ സജീവമായിരുന്നു, അതിന്റെ പേരില്‍ അദ്ദേഹം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ‘ദുര്‍ഗ വോറ ഉള്‍പ്പെടെ നിരവധി വിപ്ലവകാരികള്‍ക്കൊപ്പം അദ്ദേഹം രഹസ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലഗംഗാധര തിലകിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്’-സത്യകി പറഞ്ഞു.

  സത്യകിയുടെ അച്ഛന്‍ അശോക് ഇന്‍ഡോ ബര്‍മ പെട്രോളിയത്തിലാണ് (ഐബിപി) ജോലി ചെയ്തിരുന്നത്. 2003-ല്‍ അദ്ദേഹം അന്തരിച്ചു. അമ്മ ഹിമാനി സവര്‍ക്കര്‍, ഗോപാല്‍ ഗോഡ്സെയുടെ മകളായിരുന്നു. ഗോപാല്‍ ഗോഡ്സെ നാഥുറാം ഗോഡ്സെയുടെ സഹോദരനും മഹാത്മാഗാന്ധി വധക്കേസിലെ പ്രതിയും കൂടിയാണ്. 2015ലാണ് ഹിമാനി മരിച്ചത്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ മുന്‍ പ്രസിഡന്റായിരുന്നു അവര്‍.

  2008 ലെ മാലേഗാവ് ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ഈ സംഘടനയിലെ ചില അംഗങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഹിമാനി പ്രതിയല്ലാതിരുന്നിട്ടും മഹാരാഷ്ട്ര എടിഎസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതികള്‍ ജാമ്യത്തിലാണ്, മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.

  താന്‍ പൂനെ നഗര്‍ ഹിന്ദു സഭയുടെ സെക്രട്ടറിയും ട്രഷററുമാണ്, എന്നാല്‍ അഭിനവ് ഭാരതിന്റെ ഭാരവാഹിയല്ലെന്നും സത്യകി പറഞ്ഞു. സത്യകിയുടെ കുടുംബത്തിന് ‘മൃത്യുഞ്ജയ് പ്രകാശന്‍’ എന്ന പേരില്‍ ഒരു പബ്ലിക്കേഷന്‍ ഹൗസും ഉണ്ട്, അദ്ദേഹത്തിന്റെ ഭാര്യയാണ് ഇത് നടത്തുന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

  കുട്ടിക്കാലം മുതല്‍ താന്‍ ഒരു വാഗ്മിയായിരുന്നു, കൂടാതെ മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും വിവിധ ഭാഗങ്ങളില്‍ സവര്‍ക്കറിനെക്കുറിച്ച് നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സത്യകി പറയുന്നു.

  യുകെ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ ‘തെറ്റായ’ ആരോപണങ്ങള്‍ ഉന്നയിച്ചതായി അദ്ദേഹത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ സത്യകി ആരോപിച്ചു. സവര്‍ക്കര്‍ (വിനായക് ദാമോദര്‍) ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അതില്‍ താനും (സവര്‍ക്കറും) അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒരു മുസല്‍മാനെ ആക്രമിച്ചതായി പറഞ്ഞിട്ടുണ്ടെന്നുമാണ് ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് സത്യകി പറഞ്ഞു. ‘എന്നാല്‍ അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ല. സവര്‍ക്കര്‍ അത്തരത്തില്‍ ഒരു പുസ്തകവും എഴുതിയിട്ടില്ല’, സത്യകി സവര്‍ക്കര്‍ പറഞ്ഞു.

  Also read-രാഹുൽ ഗാന്ധിയ്ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്; സവർക്കറുടെ ചെറുമകൻ കേസ് ഫയൽ ചെയ്തു

  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 (അപകീര്‍ത്തിക്കെതിരെയുള്ള നടപടി) പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സത്യകി ആവശ്യപ്പെട്ടിരിക്കുന്നത്.

  ‘അദ്ദേഹം (രാഹുല്‍) ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമല്ല.സവര്‍ക്കര്‍ എന്ന പേരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തന്റെ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും അന്തരിച്ച സവര്‍ക്കറുടെ അനുയായികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ വാക്കുകളും വാചകങ്ങളും പ്രതി ബോധപൂര്‍വം പറഞ്ഞതാണ്, കൂടാതെ ഇത് രണ്ട് മതങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതാണ്’ സത്യകി തന്റെ ഹര്‍ജിയില്‍ പറഞ്ഞു.

  Published by:Sarika KP
  First published: