പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചുമര്‍ ചിത്രത്തിനെതിരെ നേപ്പാള്‍ നടത്തുന്ന രൂക്ഷ വിമര്‍ശനത്തിന് കാരണമെന്ത്?
- Published by:user_57
- news18-malayalam
Last Updated:
ചിത്രം പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നേപ്പാളിലെ ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ മെയ് 28നാണ് ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇപ്പോഴിതാ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചുമര്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി നേപ്പാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നേപ്പാളിലെ ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്.
വിവാദത്തിന് കാരണം?
മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഈ ചുമര്‍ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പ്രാചീന ഭാരതത്തിന്റെ ഭൂപടമാണ് ചിത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. പ്രാചീന കാലത്തെ സ്ഥലനാമങ്ങളും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
വടക്ക് ഭാഗത്ത് മാന്‍സഹാരി തക്ഷശില, വടക്ക് പടിഞ്ഞാറ് ഭാഗത്ത് പുരുഷപൂര്‍, വടക്ക് കിഴക്ക് ഭാഗത്ത് കാമരൂപ് എന്നിങ്ങനെയാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഖണ്ഡ ഭാരതത്തിന്റെ പ്രതിനിധാനമാണ് ഈ ചിത്രമെന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
advertisement
“വിഭജനത്തിന് മുമ്പുള്ള ഇന്ത്യയുടെ ഭൂപടമാണിത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, മ്യാന്‍മാര്‍, ബംഗ്ലാദേശ്, എന്നീ പ്രദേശങ്ങളെല്ലാം ഉള്‍പ്പെട്ട ചിത്രമാണിത്,” എന്നാണ് ലോക്‌സഭാംഗം മനോജ് കോട്ടക് പറഞ്ഞത്.
എന്താണ് യഥാര്‍ത്ഥ പ്രശ്‌നം?
ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയും ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് മേലുള്ള ഇന്ത്യയുടെ അവകാശവാദം ഉന്നയിക്കുന്നതിന് സമാനമാണിതെന്നാണ് വിമര്‍ശനം. ഇതിനെതിരെ നേപ്പാളിലെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
“ജനാധിപത്യത്തിന്റെ ഉത്തമമാതൃകയെന്ന് വിലയിരുത്തുന്ന രാജ്യമായ ഇന്ത്യയുടെ പാര്‍ലമെന്റ് കെട്ടിടത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന ഭൂപടത്തിലാണ് നേപ്പാളിന്റെ പരിധിയിലുള്ള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല,” കെ.പി. ശര്‍മ്മ ഒലി പറഞ്ഞു.
advertisement
അതേസമയം, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. വിവാദ ചിത്രം പാര്‍ലമെന്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കെപി ശര്‍മ്മ ഒലി പറഞ്ഞു.
“നിങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ചചെയ്യണം. തെറ്റ് തിരുത്താന്‍ അവരോട് ആവശ്യപ്പെടണം. അത് ചെയ്യാന്‍ കഴിയാതെ വെറുതെ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല”, ശര്‍മ്മ ഒലി പറഞ്ഞു.
അതേസമയം ചുമര്‍ ചിത്ര വിവാദം ഇന്ത്യ -നേപ്പാള്‍ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടാരി പറഞ്ഞു.
advertisement
“ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസത്തില്‍ വിള്ളലുണ്ടാകും. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തേയും ഈ വിവാദം സാരമായി ബാധിക്കും,” എന്നും ഭട്ടാരി പറഞ്ഞു.
ഇന്ത്യയുടെ വിശദീകരണം
വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി രംഗത്തെത്തി. അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തെ ചിത്രീകരിക്കുന്ന ഒരു കലാസൃഷ്ടിയാണ് ഈ ചിത്രമെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം.
“അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ വ്യാപനവും അദ്ദേഹത്തിന്റെ ജനാധിഷ്ടിത ഭരണവുമാണ് ചിത്രത്തിലൂടെ പ്രതിനിധാനം ചെയ്യുന്നത്,” എന്നാണ് അരിന്ദം ബാഗ്ചി പറഞ്ഞത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നേപ്പാളില്‍ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2023 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചുമര്‍ ചിത്രത്തിനെതിരെ നേപ്പാള്‍ നടത്തുന്ന രൂക്ഷ വിമര്‍ശനത്തിന് കാരണമെന്ത്?