ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍ യാത്രക്കാരി അബദ്ധത്തില്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അടക്കമുള്ളവരുടെ യാത്ര വൈകി.ഉത്തരാഖണ്ഡിലേക്ക് പോകാന്‍ എറണാകുളത്തുനിന്ന് കയറിയ ജസ്മതിയാദേവി(38) എന്ന യുവതിയാണ് അബദ്ധത്തില്‍ അപായച്ചങ്ങല വലിച്ചത്.
റാണിപ്പേട്ടിലെ മുകുന്ദരായപുരം റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. സ്ലീപ്പര്‍ കോച്ചില്‍ മുകളിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്ന യുവതി താഴെയിറങ്ങാനായി കാല് ചവിട്ടിയത് അപായച്ചങ്ങലയുടെ പിടിയിലായിരുന്നു. അപ്രതീക്ഷിതമായി ട്രെയിന്‍ നിന്നതോടെ യാത്രക്കാരടക്കം പരിഭ്രാന്തരായി.
തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തി യാത്രക്കാരിക്ക് 1000 രൂപ പിഴ വിധിച്ച ശേഷം അതേ ട്രെയിനില്‍ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. യാത്ര പുനരാരംഭിക്കുന്ന നടപടി ക്രമങ്ങള്‍ക്കായി ട്രെയിന്‍ 7 മിനിട്ടോളം പിടിച്ചിട്ടു. ഇന്സ്പെക്ഷന് കോച്ചിലായിരുന്നു മുഖ്യമന്ത്രി എം.കെ സ്റ്റാലിന് യാത്ര ചെയ്തിരുന്നത്. വെല്ലൂരിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചെന്നൈയിലേക്ക് മടങ്ങി പോകുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.