യോഗി ഈ പാർടിയുടെ ഐശ്വര്യം: പ്രസംഗിച്ച പാതിയിടത്തും തോറ്റു
Last Updated:
ലക്നൌ: തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ബിജെപിയുടെ താര പ്രചാരകനാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി കഴിഞ്ഞ ബിജെപിയുടെ പൊതുയോഗങ്ങളിലെ പ്രിയങ്കരനാണ് യോഗി. തീവ്ര നിലപാടുകളിലൂന്നിയുള്ള അദ്ദേഹത്തിന്‍റെ പ്രസംഗം പാർട്ടി അണികളിലുണ്ടാക്കുന്ന ആവേശം വളരെ വലുതാണ്. എന്നാൽ ബിജെപിക്ക് തിരിച്ചടിയേറ്റ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് യോഗി ഇഫക്ട് വേണ്ടവിധം ഫലംകണ്ടില്ലെന്ന് വിലയിരുത്തൽ. അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും പ്രചരണത്തിനെത്തിയ യോഗി ആദിത്യനാഥ് പ്രസംഗിച്ച പകുതിയിലേറെ മണ്ഡലങ്ങളിലും ബിജെപി കനത്ത പരാജയമാണ് നേരിട്ടത്.
തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 70 തെരഞ്ഞെടുപ്പ് യോഗങ്ങളിൽ യോഗി പങ്കെടുത്തു. പ്രചരണയോഗങ്ങൾക്കിടെ ഇദ്ദേഹം നടത്തിയ പല പരാമർശങ്ങളും വാർത്തകളിൽ ഇടംനേടുകയും ചെയ്തു. ഛത്തീസ്ഗഢിൽ പ്രചരണത്തിനിടെ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നായിരുന്നു ഒരു പ്രഖ്യാപനം. ഹനുമാൻ ദളിതനാണെന്ന പരാമർശം രാജസ്ഥാനിലെ പ്രചരണത്തിനിടെയാണ് യോഗി നടത്തിയത്. മധ്യപ്രദേശിൽ മുസ്ലീംങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. എന്നാൽ തീവ്രനിലപാടുകളിലൂന്നിയുള്ള ഈ പ്രസംഗങ്ങളൊന്നും കുറിക്കുകൊണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
advertisement
യോഗിയുടെ പ്രചരണത്തിന് വലിയ തിരിച്ചടിയേറ്റത് ഛത്തീസ്ഗഢിലും രാജസ്ഥാനിലും തെലങ്കാനയിലുമാണ്. തെലങ്കാനയിൽ യോഗി പ്രസംഗിച്ച എട്ടു സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് ബിജെപി ജയിച്ചത്. രാജസ്ഥാനിൽ 21 മണ്ഡലങ്ങളിൽ 11 സ്ഥലത്തും ബിജെപി തോറ്റു. 15 വർഷമായി ബിജെപി ഭരിച്ച ഛത്തീസ്ഗഢിൽ യോഗി പ്രചരണത്തിനെത്തിയ 21 മണ്ഡലങ്ങളിൽ 15 ഇടത്തും പാർട്ടിക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ മധ്യപ്രദേശിൽ മാത്രമാണ് യോഗിക്ക് ആശ്വസിക്കാൻ വകയുള്ളത്. ഇവിടെ അദ്ദേഹം പ്രസംഗിച്ച 17 മണ്ഡലങ്ങളിൽ 15 ഇടത്തും ജയിക്കാൻ ബിജെപിക്ക് സാധിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 8:54 AM IST


