മുംബൈ: കഴിഞ്ഞ ദിവസം മുംബൈയിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ താരവും പ്രശസ്ത കമന്റേറ്ററുമായ
ഡീൻ ജോൺസിന്റെ ജീവൻ നിലനിർത്താൻ ഒപ്പമുണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ താരമായ
ബ്രെറ്റ് ലീ ശ്രമം നടത്തിയതായി റിപ്പോർട്ട്. ഡീൻ ജോൺസ് കുഴഞ്ഞു വീണ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബ്രെറ്റ് ലീ അദ്ദേഹത്തിന് സിപിആർ നൽകിയതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
വ്യാഴാഴ്ച മുംബൈയിലെ ഹോട്ടലിൽ വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് 59കാരനായ ഡീൻ ജോൺസ് അന്തരിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഔദ്യോഗിക ടിവി ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് കമന്ററി പാനലിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ബ്രെറ്റ്ലിക്കൊപ്പം വരികയായിരുന്ന ഡീൻ ജോൺസ് ഹോട്ടലിന് മുന്നിലെത്തിയപ്പോൾ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ബ്രെറ്റ് ലീ അദ്ദേഹത്തിന് സിപിആർ നൽകി എന്നാണ് റിപ്പോർട്ടുകൾ.
ഉച്ചയ്ക്ക് ഭക്ഷണ സമയത്താണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിവരം. രാവിലെ അദ്ദേഹം ഓടാൻ പോയിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.
'മിസ്റ്റർ ഡീൻ മെർവിൻ ജോൺസ് എ.എം അന്തരിച്ച വാർത്ത ഞങ്ങൾ വളരെ സങ്കടത്തോടെ പങ്കിടുകയാണ്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്'- ഡീൻ ജോൺസിന്റെ മരണ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സ്റ്റാർ ഇന്ത്യ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ കുടുംബത്തെ ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുകയും ഈ പ്രയാസകരമായ സമയത്ത് എല്ലാ പിന്തുണയുമായി അവർക്കൊപ്പമുണ്ടെന്നും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ഓസ്ട്രേലിയൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്റ്റാർ ഇന്ത്യ അറിയിച്ചു.
ഓസ്‌ട്രേലിയയ്‌ക്കായി ഡീൻ ജോൺസ് 52 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 46.55 ശരാശരിയിൽ 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടെ 3,631 റൺസാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് സമ്പാദ്യം. 164 ഏകദിനങ്ങളിലായി ഏഴ് സെഞ്ചുറികളും 46 അർദ്ധസെഞ്ചുറികളുമായി 6,068 റൺസും നേടിയിട്ടുണ്ട്.
ദക്ഷിണേഷ്യയിലുടനീളം ക്രിക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മികച്ച അംബാസഡർമാരിൽ ഒരാളാണ് ജോൺസ് എന്ന് സ്റ്റാർ ഇന്ത്യ പറഞ്ഞു.
യുവ ക്രിക്കറ്റ് കളിക്കാരെ പരിപോഷിപ്പിക്കുന്നതിലും അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു. ചാമ്പ്യൻ കമന്റേറ്ററായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യവും അവതരണവും ദശലക്ഷക്കണക്കിന് ആരാധകർക്ക് എപ്പോഴും സന്തോഷം നൽകി.
സ്റ്റാറിലെ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആരാധകരും അദ്ദേഹത്തെ നഷ്‌ടപ്പെടുത്തും. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമാണ്- സ്റ്റാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.