അബുദാബി: ഐപിഎല്ലിൽ തുടർ തോൽവികൾക്കൊടുവിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയ വഴിയിൽ തിരിച്ചെത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 146 റൺസിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും എട്ടു പന്തും ശേഷിക്കെയാണ് ചെന്നൈ മറികടന്നത്. പുറത്താകാതെ 65 റൺസെടുത്ത രുതുരാജ് ഗെയ്ക്ക് വാദാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഫാഫ് ഡുപ്ലെസിസ് 25 റൺസും അമ്പാട്ടി റായിഡു 39 റൺസും നേടി. 19 റൺസെടുത്ത മഹേന്ദ്ര സിങ് ധോണി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ വിരാട് കോഹ്ലിയുടെ അർദ്ധസെഞ്ച്വറിയുടെ മികവിൽ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറിന് 145 റൺസെടുക്കുകയായിരുന്നു. 43 പന്ത് നേരിട്ടാണ് കോഹ്ലി 50 റൺസെടുത്തത്. എബിഡിവില്ലിയേഴസ് 39 റൺസും ദേവ്ദത്ത് പടിക്കൽ 22 റൺസും നേടി. ചെന്നൈയ്ക്കുവേണ്ടി സാം കുറാൻ മൂന്നു വിക്കറ്റെടുത്തു. ദീപക് ചഹാർ രണ്ടു വിക്കറ്റും നേടി.
ഈ മത്സരം ജയിച്ചെങ്കിലും 12 കളികളിൽ എട്ടു പോയിന്‍റ് മാത്രമാണ് ചെന്നൈയ്ക്കുള്ളത്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് അവർ. പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് ചെന്നൈയ്ക്ക് ആശ്വാസജയം ലഭിച്ചിരിക്കുന്നത്.
അതേസമയം ചെന്നൈയ്ക്കെതിരെ തോറ്റെങ്കിലും 11 കളികളിൽ 14 പോയിന്‍റുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
ഐപിഎൽ പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.