• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL 2022 | ഇത്രേയുള്ളൂ കാര്യം; പ്രശ്നങ്ങൾ മറന്ന് കെട്ടിപ്പിടിച്ച് ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും; കയ്യടിച്ച് ആരാധകർ

IPL 2022 | ഇത്രേയുള്ളൂ കാര്യം; പ്രശ്നങ്ങൾ മറന്ന് കെട്ടിപ്പിടിച്ച് ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും; കയ്യടിച്ച് ആരാധകർ

മത്സരത്തിൽ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് വീണപ്പോഴായിരുന്നു ലക്നൗ താരങ്ങളായ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചത്

 • Share this:
  ഐപിഎല്ലിൽ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസ് - ലക്നൗ സൂപ്പർ ജയ്ന്റ്സ് (Gujarat Titans vs Lucknow Super Giants) മത്സരം ഏറെകാലം രണ്ട് കളിക്കാർ തമ്മിൽ നീണ്ടുനിന്നിരുന്ന പ്രശ്നങ്ങളുടെ മഞ്ഞുരുകലിനാണ് വേദിയായത്. ഇന്ത്യൻ താരങ്ങളായ ദീപക് ഹൂഡയും (Deepak Hooda) ക്രുനാല്‍ പാണ്ഡ്യയും (Krunal Pandya) തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഗുജറാത്തും ലക്നൗവും തമ്മിലുള്ള മത്സരത്തിൽ പരിഹരിക്കപ്പെട്ടത്.

  ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇതേ തുടർന്ന് ഹൂഡ ബറോഡ ടീം വിടുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്. ഇത്തവണത്തെ ഐപിഎൽ മെഗാലേലത്തിൽ ലക്നൗ ഹൂഡയേയും ക്രുനാലിനെയും ടീമിലെത്തിച്ചതോടെ എന്താകും സംഭവിക്കുകയെന്നതിൽ ആരാധകരും ഉറ്റുനോക്കിയിരുന്നു. എന്നാൽ പണ്ട് നടന്ന പ്രശ്നങ്ങളെല്ലാം ഇരുവരും മറന്നതായാണ് മത്സരത്തിനിടെ വ്യക്തമായത്. മത്സരത്തിൽ ഗുജറാത്തിന്റെ ബാറ്റിങ്ങിനിടെ ശുഭ്മൻ ഗില്ലിനെ പുറത്താക്കാനുള്ള ക്യാച്ച് എടുത്തത് ഹൂഡയായിരുന്നു. ക്യാച്ച് എടുത്തതിന് പിന്നാലെ ഹൂഡയുടെ അടുത്തേക്ക് ആവേശത്തോടെ ഓടിയെത്തിയ ക്രുനാൽ ഹൂഡയെ കെട്ടിപിടിക്കുകയാണുണ്ടായത്. ക്രുനാൽ ഹൂഡയെ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സംഭവം വൈറലായത്. ഇരുവരും ഒരുമിച്ച് കളിക്കുമ്പോൾ എന്താകും സംഭവിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ആരാധകർ ഇരുവരുടെയും കെട്ടിപ്പിടുത്തതിൽ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടെങ്കിലും പിന്നീട് ഇരു താരങ്ങളുടെയും സ്പോർട്സ്മാൻ സ്പിരിറ്റിനായി കയ്യടിക്കുകയായിരുന്നു.


  ക്രുനാലും ഹൂഡയും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയായിരുന്നു. ക്രുനാൽ തന്നെ പരസ്യമായി തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ചുകൊണ്ടാണ് ഹൂഡ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് താരം ടീം വിട്ടത്. പ്രശ്നങ്ങളുടെ പേരിൽ ബറോഡ ടീം താരത്തെ സസ്‌പെന്‍ഡും ചെയ്തിരുന്നു.

  ബറോഡ വിട്ട ഹൂഡ രാജസ്ഥാനൊപ്പം ചേരുകയും, അവിടെ നടത്തിയ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ ടീമിനായും താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണില്‍ 5.75 കോടി മുടക്കിയാണ് ഹൂഡയെ ലക്‌നൗ സ്വന്തമാക്കിയത്. 8.25 കോടി മുടക്കിയാണ് ക്രുനാലിനെ ലക്‌നൗ ടീമിലെത്തിച്ചത്.

  Also read- IPL 2022 |ഐപിഎൽ അരങ്ങേറ്റത്തിൽ ജയം ഗുജറാത്തിനൊപ്പം; ലക്നൗവിനെതിരെ അഞ്ച് വിക്കറ്റ് ജയം

  ഇരുവരുടെയും കെട്ടിപ്പിടുത്തം ഏതായാലും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ചർച്ചയാക്കുകയായിരുന്നു. ഇരു താരങ്ങൾക്കിടയിലുമുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരമായത് ക്യാപ്റ്റനായ കെ എൽ രാഹുലിന്റെ ഇടപെടൽ കൊണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് രാഹുലിനെ അഭിനന്ദിച്ച് കൊണ്ടും പലരും വരുന്നുണ്ട്. അതേസമയം ടീമിന്റെ മെന്ററായ ഗൗതം ഗംഭീറിനും ഈ മഞ്ഞുരുക്കലിൽ പങ്കുണ്ടെന്നും ഒരു വിഭാഗം ആരാധകർ പറയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഐപിഎൽ വേണ്ടിവന്നെന്നും ഇത്തരമൊരു ടൂര്ണമെന്റിനോടാണ് നന്ദിയെന്നും ഒരു ആരാധകൻ കുറിച്ചു.
  ടീമിലെ താരങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും ഗുജറാത്തിനെതിരായ മത്സരം ജയിക്കാൻ ലക്നൗവിന് കഴിഞ്ഞില്ല. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ലക്നൗ ഗുജറാത്തിനോട് തോറ്റത്. ആവേശം അവസാനം വരെ നിറഞ്ഞു നിന്ന മത്സരത്തിൽ ഗുജറാത്തിന്റെ സ്കോറിങ്ങിന് തടയിടാൻ കഴിയാതെ പോയതാണ് ലക്നൗവിന് തിരിച്ചടിയായത്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ പരാജയമേറ്റുവാങ്ങേണ്ടി വന്ന ലക്നൗവിന് രണ്ടാമത്തെ മത്സരം നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ്. മാർച്ച് 31, വ്യാഴാഴ്ച മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
  Published by:Naveen
  First published: