ഐപിഎല്ലില് (IPL 2022) മുംബൈ ഇന്ത്യന്സിനെ (Mumbai Indians) 18 റണ്സിന് തകര്ത്ത് ലക്നൗ സൂപ്പര് ജയന്റ്സ് (Lucknow Super Giants). ലക്നൗ ഉയര്ത്തിയ 200 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 181 റണ്സ് നേടാനേ കഴിഞ്ഞുള്ളൂ. 37 റണ്സ് നേടിയ സൂര്യകുമാര് യാദവ് ആണ് മുംബൈയുടെ ടോപ് സ്കോറര്. ലക്നൗവിനായി ആവേശ് ഖാന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മുംബൈയുടെ ഈ സീസണിലെ ആറാം തോല്വിയാണിത്. നേരത്തെ നായകന് കെ. എല് രാഹുലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ലക്നൗ കൂറ്റന് സ്കോര് നേടിയത്. ഐപിഎല്ലില് രാഹുലിന്റെ നൂറാം മത്സരമായിരുന്നു ഇത്. 60 പന്തില് ഒമ്പത് ഫോറും അഞ്ച് സിക്സും സഹിതമാണ് രാഹുല് 103 റണ്സ് അടിച്ചുകൂട്ടിയത്.
200 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്കോര് 16ല് നില്ക്കേ ആറു റണ്സുമായി ക്യാപ്റ്റന് രോഹിത് ശര്മ മടങ്ങി. എന്നാല് തുടര്ന്ന് ക്രീസിലെത്തിയ ഡെവാള്ഡ് ബ്രെവിസ് തകര്പ്പനടികളിലൂടെ റണ്റേറ്റ് ഉയര്ത്തി. 13 പന്തില് നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 31 റണ്സെടുത്ത ബ്രെവിസ് ആറാം ഓവറില് ആവേശ് ഖാനെതിരേ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തൊട്ടടുത്ത ഓവറില് ഇഷാന് കിഷനെയും മുംബൈക്ക് നഷ്ടമായി. നിലയുറപ്പിക്കാന് പാടുപെട്ട കിഷന് 17 പന്തില് നിന്ന് 13 റണ്സ് മാത്രമാണ് നേടാനായത്.
തുടര്ന്ന് ക്രീസില് ഒന്നിച്ച സൂര്യകുമാര് - തിലക് വര്മ സഖ്യം 64 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈക്ക് പ്രതീക്ഷ നല്കിയിരുന്നു. എന്നാല് 15-ാം ഓവറില് തിലകിനെ മടക്കി ജേസണ് ഹോള്ഡര് മുംബൈയെ ഞെട്ടിച്ചു. 26 പന്തില് നിന്ന് 26 റണ്സായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില് രവി ബിഷ്ണോയിയുടെ പന്തില് സിക്സറിന് ശ്രമിച്ച സൂര്യകുമാര് പുറത്തായതോടെ മുംബൈ പ്രതീക്ഷ കൈവിട്ടു. 14 പന്തില് നിന്ന് 25 റണ്സെടുത്ത പൊള്ളാര്ഡും ആറു പന്തില് നിന്ന് 14 റണ്സെടുത്ത ജയദേവ് ഉനദ്ഘട്ടും ശ്രമിച്ചു നോക്കിയെങ്കിലും വിജയം അകലെയായിരുന്നു. ഫാബിയാന് അലന് (8), മുരുകന് അശ്വിന് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.