ഐപിഎല്‍ 15ആം സീസണിലെ ആദ്യ സെഞ്ച്വറിയാണ് ബട്ട്ലര്‍ നേടിയിരിക്കുന്നത്. നായകന് സഞ്ജു സാംസണ് 21 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറും സഹിതം 30 റണ്‍സ് നേടി.
പവര്‍ പ്ലേയിലെ ആദ്യ മൂന്നോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്. എന്നാല്‍ ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ ജോസ് ബട്ട്ലര്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 26 റണ്‍സടിച്ചതോടെ രാജസ്ഥാന് ടോപ് ഗിയറിലായി. എങ്കിലും ബേസില്‍ തമ്പിയുടെ ഓവറിനുശേഷം മുരുഗന് അശ്വിനും ടൈമല്‍ മില്‍സും പിടിമുറുക്കി.
ദേവ്ദത്ത് പടിക്കല്‍ ഏഴ് റണ്‍സ് മാത്രം നേടിക്കൊണ്ട് മടങ്ങി. പിന്നീടെത്തിയ സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്ട്ലര്‍ തകര്‍ത്തടിച്ചതോടെ 14 ഓവറില്‍ ടീം സ്കോര്‍ 130-ല്‍ എത്തി. എന്നാല്‍ 15ആം ഓവറിലെ രണ്ടാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് ഈ കൂട്ടുകെട്ട് തകര്‍ത്തു. 21 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത സഞ്ജുവിനെ പൊള്ളാര്‍ഡ് തിലക് വര്‍മയുടെ കൈയ്യിലെത്തിച്ചു. ബട്ലര്ക്കൊപ്പം 82 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമെത്തിയ ഷിംറോണ്‍ ഹെട്മെയറും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്.
പിന്നാലെ ബട്ട്ലര്‍ സെഞ്ചുറി നേടി. സെഞ്ചുറിയിലെത്താന്‍ ബട്ലറിന് വെറും 66 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. താരത്തിന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയാണിത്. ബട്ലറിന്റെ ആഘോഷം തീരുന്നതിനുമുന്‍പ് ഹെട്മെയര്‍ പുറത്തായി. വെറും 14 പന്തുകളില്‍ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 35 റണ്‍സെടുത്ത ശേഷമാണ് ഹെട്മെയര്‍ മടങ്ങിയത്.
പിന്നാലെ ബട്ലറും പുറത്തായി. ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കര്‍ ബട്ട്ലറുടെ വിക്കറ്റ് പിഴുതു. 68 പന്തുകളില്‍ നിന്ന് 11 ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. അവസാന ഓവറുകളില്‍ രാജസ്ഥാന് വേണ്ട വിധത്തില്‍ സ്കോര്‍ ചെയ്യാനായില്ല. അശ്വിനും സെയ്നിയുമെല്ലാം വന്നതിനേക്കാള്‍ വേഗത്തില്‍ ക്രീസ് വിട്ടു. അവസാന പന്തില്‍ റിയാന്‍ പരാഗും പുറത്തായി. ഇതോടെ രാജസ്ഥാന് 193 റണ്‍സിന് ആദ്യ ഇന്നിങ്സ് അവസാനിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.