HOME /NEWS /IPL / IPL 2022 | കോൺവേയുടെ അർധസെഞ്ചുറി പാഴായി! ചെന്നൈയെ 13 റൺസിന് തോൽപ്പിച്ച് ബാംഗ്ലൂർ

IPL 2022 | കോൺവേയുടെ അർധസെഞ്ചുറി പാഴായി! ചെന്നൈയെ 13 റൺസിന് തോൽപ്പിച്ച് ബാംഗ്ലൂർ

Image: IPL, Twitter

Image: IPL, Twitter

ജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് നേടിയ അവർ പോയിന്റ് ടേബിളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി.

  • Share this:

    ഐപിഎല്ലിൽ (IPL 2022) ചെന്നൈ സൂപ്പർ കിങ്സിനെതിരെ (Chennai Super Kings) 13 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore). മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ മറുപടി 160 റൺസിൽ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തി ഗ്ലെൻ മാക്സ്‌വെല്ലും ബാംഗ്ലൂരിനായി തിളങ്ങി. 56 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

    സ്കോർ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറിൽ 173-8; ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 160-8

    കഴിഞ്ഞ നാല് മത്സരങ്ങൾക്കിടയിലെ ആദ്യ ജയമായിരുന്നു ബാംഗ്ലൂർ സ്വന്തമാക്കിയത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് നേടിയ അവർ പോയിന്റ് ടേബിളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ പ്ലേഓഫ് സാധ്യത സജീവമാക്കി നിർത്താനും ബാംഗ്ലൂരിനായി. അതേസമയം, സീസണിലെ ഏഴാം തോൽവി വഴങ്ങിയ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ തുലാസിലായി. 10 മത്സരങ്ങളിൽ മൂന്ന് ജയങ്ങളോടെ കേവല൦ ആറ് പോയിന്റുമായി പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് അവർ.

    ബാഗ്ലൂർ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് ഋതുരാജ് ഗെയ്ക്‌വാദും ഡെവണ്‍ കോണ്‍വെയും ചേര്‍ന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ മോശം പന്തുകളെ അതിർത്തി കടത്തി സ്കോർബോർഡിൽ റൺസ് നേടിയ സഖ്യം ഒന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ഗെയ്ക്‌വാദിനെ (23 പന്തില്‍ 28) മടക്കി ഷഹബാസ് അഹമ്മദാണ് ബാംഗ്ലൂരിന് ബ്രേക്ത്രൂ നല്‍കിയത്. ഗെയ്ക്‌വാദ് മടങ്ങിയതിന് പിന്നാലെ റോബിന്‍ ഉത്തപ്പയെയും (1) അംബാട്ടി റായുഡുവിനെയും (10) മടക്കി ഗ്ലെന്‍ മാക്സ്‌വെല്‍ ചെന്നൈയെ പ്രതിരോധത്തിലാക്കി. മറുവശത്ത് കരുതലോടെ ബാറ്റ് വീശി ചെന്നൈ സ്കോർബോർഡ് ചലിപ്പിച്ച കോൺവെ നാലാം വിക്കറ്റിൽ മൊയീൻ അലിക്കൊപ്പം ചേർന്നതോടെ ചെന്നൈ ജയത്തിലേക്ക് പ്രതീക്ഷ വെച്ചു.

    എന്നാല്‍ ക്രീസിൽ നിലയുറപ്പിച്ച് കളിക്കുകയായിരുന്ന കോണ്‍വെയെ (37 പന്തില്‍ 56) വീഴ്ത്തി ഹസരങ്ക

    ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവരികയായിരുന്നു. കോൺവെ മടങ്ങിയതിന് പിന്നാലെ മൊയീന്‍ അലിയെയും (34), രവീന്ദ്ര ജഡേജയെയും(3) വീഴ്ത്തി ഹര്‍ഷല്‍ പട്ടേല്‍ ചെന്നൈയുടെ വിജയപ്രതീക്ഷ തല്ലിക്കെടുത്തി. ഇവർക്ക് ശേഷം ക്രീസിലെത്തിയ ധോണിയിൽ നിന്നും വെടിക്കെട്ട് പ്രതീക്ഷിച്ച ചെന്നൈക്ക് തിരിച്ചടി നൽകിക്കൊണ്ട് ഹേസൽവുഡ് ചെന്നൈ ക്യാപ്റ്റനെ പുറത്താക്കി. ഓസീസ് താരത്തിന്റെ പന്ത് സിക്സിന് പറത്താനുള്ള ധോണിയുടെ ശ്രമം ബൗണ്ടറി ലൈനിൽ രജത് പാട്ടിദാറിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ രണ്ട് സിക്സ് പറത്തി ചെന്നൈ തോൽവിഭാരം കുറച്ചു.

    ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ നാലോവറില്‍ 22 റണ്‍സിന് രണ്ടും ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 19 റണ്‍സിന് ഒരു വിക്കെറ്റെടുത്തു.

    നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാല്‍ ലോംറോറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി (38) വിരാട് കോഹ്ലി (30) എന്നിവരും ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

    First published:

    Tags: Chennai super kings, IPL 2022, Royal Challengers Bangalore