IPL 2022 | പൊരുതിവീണ് കൊൽക്കത്ത; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് ജയം

Last Updated:

കൊൽക്കത്ത ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കി നിർത്തിയാണ് ബാംഗ്ലൂർ വിജയം സ്വന്തമാക്കിയത്.

Image: IPL, Twitter
Image: IPL, Twitter
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (RCB vs KKR) എതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റ് ജയം. കൊൽക്കത്ത ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കി നിർത്തിയാണ് ബാംഗ്ലൂർ വിജയം സ്വന്തമാക്കിയത്. കൊൽക്കത്തയുടെ പോരാട്ടവീര്യത്തെ കൂടി മറികടന്നുകൊണ്ടായിരുന്നു ബാംഗ്ലൂരിന്റെ ജയം.
ചെറിയ സ്കോർ ആയിരുന്നിട്ട് കൂടി ബാംഗ്ലൂരിന്റെ ഏഴ് വിക്കറ്റുകൾ നേടുകയും മത്സരം ആവേശകരമാക്കി കൊണ്ട് അവസാന ഓവർ വരെ നീട്ടിയെടുക്കാനും കൊൽക്കത്തയ്ക്ക് കഴിഞ്ഞു. ഇരു ടീമുകളുടെയും ബൗളർമാർ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
ബാംഗ്ലൂരിനെ വിറപ്പിച്ച ശേഷമായിരുന്നു കൊൽക്കത്ത വീണത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൊൽക്കത്തയെ കീഴടക്കിയ ബാംഗ്ലൂർ സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
കൊൽക്കത്ത ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂരിന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യത്തെ ഓവറിലെ മൂന്നാം പന്തിൽ അനൂജ് റാവത്തിനെ മടക്കി ഉമേഷ് യാദവാണ് ബാംഗ്ലൂരിന് തിരിച്ചടി നൽകിയത്. റൺ എടുക്കുന്നതിന് മുൻപ് തന്നെ ബാംഗ്ലൂർ താരത്തെ ഉമേഷ് വിക്കറ്റ് കീപ്പർ ഷെൽഡൺ ജാക്സന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
advertisement
പിന്നാലെയെത്തിയ വിരാട് കോഹ്ലി തുടരെ രണ്ട് ബൗണ്ടറികൾ നേടി ബാംഗ്ലൂരിനെ ആദ്യ വിക്കറ്റിന്റെ ഞെട്ടലിൽ നിന്നും അൽപം കരകയറ്റിയതായിരുന്നുവെങ്കിലും രണ്ടാം ഓവറില്‍ കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് തീർത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസ്സിയെ മടക്കി ടിം സൗത്തി ബാംഗ്ലൂരിനെ വീണ്ടും പ്രതിരോധത്തിലാക്കി. അഞ്ച് റൺസ് മാത്രമെടുത്ത താരത്തെ സൗത്തി രഹാനെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ 12 റൺസ് നേടി നിൽക്കുകയായിരുന്ന കോഹ്‌ലിയെ ജാക്സന്റെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് ബാംഗ്ലൂരിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. പിന്നീട് ക്രീസിലൊന്നിച്ച ഡേവിഡ് വില്ലിയും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡുമാണ് ബാംഗ്ലൂരിനെ കൂടുതൽ തകർച്ചയിലേക്ക് പോവാതെ രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 45 റൺസാണ് ബാംഗ്ലൂർ ഇന്നിങ്സിന്റെ നട്ടെല്ലായത്. ഇരുവരും ചേർന്ന് കളി പതുക്കെ ബാംഗ്ലൂരിന്റെ വരുതിയിലാക്കി വരുന്നതനിടെയാണ് വില്ലിയെ പുറത്താക്കിക്കൊണ്ട് സുനിൽ നരെയ്ൻ കൊൽക്കത്തയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 18 റണ്‍സെടുത്ത വില്ലി നരെയ്ന്റെ പന്തിൽ നിതീഷ് റാണയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതോടെ ബാംഗ്ലൂര്‍ 62 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
advertisement
വില്ലി പുറത്തായതിന് ശേഷം കാർത്തിക്കിന്റെ സ്ഥാനത്ത് ഷഹബാസ് അഹമ്മദാണ് ബാറ്റ് ചെയ്യാനെത്തിയത്. തുടരെ വിക്കറ്റുകൾ നഷ്ടമായത് ബാംഗ്ലൂരിന്റെ റൺ റേറ്റിനെ ബാധിച്ചിരുന്നു. റസൽ എറിഞ്ഞ 13-ാം ഓവറില്‍ രണ്ട് സിക്‌സ് നേടിയ ഷഹബാസിന് ബാംഗ്ലൂരിന്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കാനായി. 16-ാം ഓവറിലാണ് ബാംഗ്ലൂർ സ്കോർ 100 കടന്നത്. പിന്നാലെ തന്നെ ഷഹബാസ് പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച താരത്തെ കീപ്പർ ജാക്സൺ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 20 പന്തുകളില്‍ നിന്ന് 27 റൺസ് നേടിയാണ് ഷഹബാസ് മടങ്ങിയത്.
advertisement
ഷഹബാസ് മടങ്ങിയ ശേഷം ക്രീസിലെത്തിയ കാർത്തിക്ക് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. റൺ വഴങ്ങുന്നതിൽ നരെയ്ൻ പിശുക്ക് കാണിച്ചതോടെ അവസാന മൂന്ന് ഓവറുകളിൽ 24 റൺസ് എന്നിങ്ങനെയായിരുന്നു ബാംഗ്ലൂരിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. 18-ാം ഓവറിലെ രണ്ടാം പന്തില്‍ റുതര്‍ഫോര്‍ഡിനെ മടക്കി സൗത്തി ബാംഗ്ലൂരിനെ എളുപ്പത്തിൽ ജയിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. 40 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത റുതര്‍ഫോര്‍ഡിനെ സൗത്തി ജാക്സന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
പിന്നാലെ ക്രീസിൽ വന്ന ഹസരംഗയും കാര്യമായ സംഭാവന നൽകാൻ കഴിയാതെ മടങ്ങിയതോടെ ബാംഗ്ലൂരിന്റെ കൈയിൽ നിന്നും ജയം വീണ്ടും വഴുതിപ്പപോവുമോ എന്ന ഉയർന്നെങ്കിലും. കാർത്തിക്കും ഹർഷൽ പട്ടേലും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കാര്‍ത്തിക്ക് 14 റണ്‍സും ഹര്‍ഷല്‍ നാലും റണ്‍സ് നേടി പുറത്താവാതെ നിന്നു.
advertisement
കൊല്‍ക്കത്തയ്ക്ക് വേണ്ടി ബൗളിങ്ങിൽ ടിം സൗത്തി നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് ഓൾ ഔട്ടായി. തകർപ്പൻ ബൗളിങ്ങുമായി കളം നിറഞ്ഞ ബാംഗ്ലൂരിന്റെ ബൗളർമാരാണ് കൊൽക്കത്തയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. 25 റൺസ് എടുത്ത റസലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), അജിങ്ക്യ രഹാനെ (9), സുനില്‍ നരെയ്ന്‍(12), വെങ്കടേഷ് അയ്യർ (10) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. ബാംഗ്ലൂരിനായി വാനിന്ദു ഹസരംഗ നാല് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ കേവലം 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും ബൗളിങ്ങിൽ തിളങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | പൊരുതിവീണ് കൊൽക്കത്ത; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് ജയം
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement