HOME » NEWS » IPL » MANY IPL PLAYERS REFUSED TO GET VACCINATED BEFORE T20 TOURNAMENT REPORT INT NAV

ഐപിഎല്ലിന് മുമ്പ് വാക്‌സിനെടുക്കാന്‍ ചില താരങ്ങള്‍ വിസ്സമ്മതിച്ചുവെന്ന് റിപ്പോർട്ട്

ഇടക്ക് വച്ച് നിർത്തേണ്ടി വന്നതോടെ ഈ സീസണിലെ ഐപിഎല്ലില്‍ 60 മത്സരങ്ങളിൽ വെറും 29 മത്സരങ്ങള്‍ മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. ഇനി 31 മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബാക്കി മത്സരങ്ങൾ രാജ്യത്ത് നടത്താൻ സാധ്യമാകില്ല എന്നാണ് വിലയിരുത്തൽ. വിദേശത്തായിരിക്കും രണ്ടാംപാദ മല്‍സരങ്ങളെന്നാണ് സൂചനകള്‍.

News18 Malayalam | news18-malayalam
Updated: May 16, 2021, 3:00 PM IST
ഐപിഎല്ലിന് മുമ്പ് വാക്‌സിനെടുക്കാന്‍ ചില താരങ്ങള്‍ വിസ്സമ്മതിച്ചുവെന്ന് റിപ്പോർട്ട്
ശിഖർ ധവാൻ വാക്സിൻ സ്വീകരിക്കുന്നു (ഫയൽ ചിത്രം)
  • Share this:
ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇടയ്ക്ക് വച്ച് കോവിഡ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഐപിഎല്ലിന്റെ തുടക്കത്തിന് മുമ്പ് കോവിഡിനെതിരെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ താരങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ അവർ അതിന് വിസമ്മതിക്കുകയായിരുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വാക്‌സിനെടുക്കാനുള്ള മടിയും കോവിഡിനെ കുറിച്ചുള്ള അവബോധക്കുറവുമാണ് ഇതിന്റെ കാരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് വാക്‌സിന്‍ വാഗ്ദാനം ചെയ്തപ്പോള്‍ കളിക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. അത് അവരുടെ തെറ്റല്ല, അവബോധത്തിന്റെ അഭാവമാണ്. തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ബബിളിനകത്ത് സുരക്ഷിതരാണെന്നും വാക്‌സിനെടുക്കേണ്ട കാര്യമില്ലെന്നും അവര്‍ കരുതി. ഫ്രാഞ്ചൈസികളും അതിനു വേണ്ടി മുന്നോട്ടു വന്നില്ല. പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. വിദേശികള്‍, പ്രത്യേകിച്ചും സപ്പോര്‍ട്ട് സ്റ്റാഫുമാരിലെ പല അംഗങ്ങളും വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അവര്‍ക്കു വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഫ്രാഞ്ചൈസികളും ഇക്കാര്യത്തില്‍ അനുമതി നല്‍കിയില്ല.' -ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Also Read- ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭുവനേശ്വർ കുമാർ

ഏപ്രിൽ 19ന് തുടങ്ങിയ ഐപിഎല്ലിന്റെ 14ാം സീസൺ ഈ മാസം നാലിനായിരുന്നു ബിസിസിഐ അനിശ്ചിതമായി നീട്ടി വച്ചത്. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവർക്കാണ് ടൂര്‍ണമെന്റിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊൽക്കത്ത കളിക്കേണ്ടിയിരുന്ന ഒരു മത്സരം മാറ്റിവച്ചു. പിന്നീടുള്ള മത്സരങ്ങൾ സാധാരണ പോലെ നടക്കുമെന്ന് അറിയിച്ച ബോർഡിന് പക്ഷേ തിരിച്ചടിയായി വീണ്ടും രോഗബാധ താരങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഐപിഎല്ലിലെ മറ്റു ടീമുകളിൽ കൂടി രോഗബാധ സ്ഥിരീകരിച്ച് തുടങ്ങി. ചെന്നൈ സൂപ്പര്‍കിങ്‌സിലെ മൂന്നു സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും ഫലം പോസിറ്റീവായി. തൊട്ടടുത്ത ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളിലെ ഓരോ താരങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ബിസിസിഐ അടിയന്തര യോഗം ചേര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ബയോ ബബിളിൽ നിന്നും അല്ല മറിച്ച് വേദിയിൽ നിന്നും അടുത്ത വേദിയിലേക്ക് വിമാനങ്ങള്‍ വഴിയുള്ള യാത്രയിലാവാം വൈറസ് ബാധയുണ്ടായത് എന്നാണ് ബോർഡ് വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചത്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്‍ മൂന്നു വേദികളിലായിട്ടായിരുന്നു സംഘടിപ്പിച്ചത്. ടീം ബസിലായിരുന്നു താരങ്ങള്‍ ഇവിടേക്കു യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തവണ ആറു വേദികളിലായിട്ടായിരുന്നു മല്‍സരങ്ങള്‍. ഇതേ തുടര്‍ന്നു ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു ടീമുകളുടെ യാത്ര.

അതേസമയം, ഇടക്ക് വച്ച് നിർത്തേണ്ടി വന്നതോടെ ഈ സീസണിലെ ഐപിഎല്ലില്‍ 60 മത്സരങ്ങളിൽ വെറും 29 മത്സരങ്ങള്‍ മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. ഇനി 31 മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബാക്കി മത്സരങ്ങൾ രാജ്യത്ത് നടത്താൻ സാധ്യമാകില്ല എന്നാണ് വിലയിരുത്തൽ. വിദേശത്തായിരിക്കും രണ്ടാംപാദ മല്‍സരങ്ങളെന്നാണ് സൂചനകള്‍. പക്ഷെ ബാക്കിയുള്ള മത്സരങ്ങൾ നടത്താൻ ഒരു അനുയോജ്യ സമയം കണ്ടെത്തുകയെന്നതാണ് ബിസിസിഐയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇനിയുള്ള മാസങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങൾ സജീവമാകുന്നതാണ് ബിസിസിഐയ്ക്കു മത്സരങ്ങൾ നടത്തുന്നതിൽ വെല്ലുവിളിയാകുന്നത്.
Published by: Rajesh V
First published: May 16, 2021, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories