• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭുവനേശ്വർ കുമാർ

'ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭുവനേശ്വർ കുമാർ

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഭുവിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഭുവനേശ്വർ കുമാർ

ഭുവനേശ്വർ കുമാർ

  • Share this:
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഇടം ലഭിക്കാതെ വന്നതിന് പിന്നാലെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ഭുവനേശ്വർ കുമാറിന് താല്‍പ്പര്യമില്ലെന്ന തരത്തിൽ വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ രംഗത്തെത്തി. ഭുവിക്കു ടെസ്റ്റില്‍ ഒട്ടും താപ്പര്യമില്ലെന്നും ഇതു കാരണമാണ് ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്നും ഇനി നിശ്ചിത ഓവർ ക്രിക്കറ്റ് മാത്രമായിരിക്കും കളിക്കുക എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് മറുപടിയുമായാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ രൂക്ഷമായ പ്രതികരണവുമായി ഭുവനേശ്വർ കുമാർ രംഗത്തെത്തിയത്.

'ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് വ്യക്തത വരുത്താൻ ആണ് ഞാനീ കുറിപ്പ് എഴുതുന്നത്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്. ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കാതെയാണ് മൂന്നു ഫോര്‍മാറ്റുകള്‍ക്കും വേണ്ടി ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്താറുള്ളത്. തുടര്‍ന്നും ഇതു തന്നെ ചെയ്യും. നിങ്ങളുടെ അനുമാനങ്ങൾക്കും നിഗമനങ്ങൾക്കനുസരിച്ചും ദയവു ചെയ്ത് വാർത്തയുണ്ടാക്കരുത് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.' -ഭുവനേശ്വർ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഭുവിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ടീം മാനേജ്‌മെന്റ് അദ്ദേഹം ടീമില്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ടെസ്റ്റില്‍ കളിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നുമായിരുന്നു ബിസിസിഐ ഉറവിടങ്ങളെ ഉദ്ധരിച്ച് വാർത്തകൾ പുറത്ത് വന്നത്.

Also Read- ഇറ്റാലിയൻ ലീഗിലെ ആവേശപ്പോരിൽ ഇന്റർ മിലാനെ മറികടന്ന് യുവന്റസ്

ഇന്ത്യക്ക് വേണ്ടി ഭുവി ടെസ്റ്റില്‍ കളിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ടെസ്റ്റിനോടുള്ള താൽപര്യം അദ്ദേഹത്തിനു നഷ്ടമായിട്ടുണ്ട്. ടെസ്റ്റിൽ നിന്നുമാറി പരിമിത ഓവർ ക്രിക്കറ്റിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പേസറുടെ നീക്കമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്.2014ലാണ് ഭുവനേശ്വർ ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് അഞ്ച് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്‌ത്തി. ലോർഡസിൽ ആറു വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായി. മൂന്നു അർധ സെഞ്ചുറി ഉൾപ്പെടെ 247 റൺസും അടിച്ചെടുത്തിരുന്നു. പിന്നീട് 2018 ലെ പര്യടനം പരിക്കുമൂലം നഷ്ടമായതിന് ശേഷം ഭുവനേശ്വർ ടെസ്റ്റ് കളിച്ചിട്ടില്ല.
ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ഭുവി മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അപകടകാരിയാണ്. 21 ടെസ്റ്റുകളില്‍ നിന്നും നാല് അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 63 വിക്കറ്റുകള്‍ ഭുവി വീഴ്ത്തിയിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 117 ഏകദിനങ്ങളില്‍ നിന്നും 138 വിക്കറ്റുകളും 48 ടി20കളില്‍ നിന്നും താരം 45 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Also Read- ചരിത്രം കുറിച്ച് ലെസ്റ്റർ സിറ്റി; ചെൽസിയെ വീഴ്ത്തി എഫ് എ കപ്പ് കിരീടം നേടി

പരിക്കുകളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭുവിയെ സജീവ ക്രിക്കറ്റിൽ നിന്നും അകറ്റി നിർത്തുന്നുണ്ടായിരുന്നത്. പരിക്കിനെ തുടര്‍ന്നു ഇന്ത്യക്കു വേണ്ടിയുള്ള ഭൂരിഭാഗം മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായിരുന്നു. അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലൂടെയാണ് വലിയൊരു ഇടവേളയ്ക്കു ശേഷം ഭുവി ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ഇവയില്‍ ശ്രദ്ധേയമായ പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ഭുവി കളിച്ചിരുന്നു. പക്ഷെ ഇന്ത്യക്കൊപ്പമുള്ള ഫോം എസ്ആര്‍എച്ചില്‍ ആവര്‍ത്തിക്കാന്‍ പേസര്‍ക്കു സാധിച്ചില്ല. പരിക്ക് വീണ്ടും വില്ലനയപ്പോൾ താരത്തിന് ചില മത്സരങ്ങൾ നഷ്ടമായിരുന്നു.

ഏതായാലും ഭുവി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ നിരാശരായ ക്രിക്കറ്റ് പ്രേമികൾക്ക് ഏതായാലും സന്തോഷം പകരുന്നതായി താരത്തിന്റെ വാക്കുകൾ.
Published by:Rajesh V
First published: