ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ഇന്ത്യ പരമ്പര നേടുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു കുൽദീപ് യാദവ്. എന്നാൽ ഇന്ത്യയുടെ ഇടംകയ്യൻ ചൈനാമാൻ ബോളർ ഈ പരമ്പരകളിലെ ഭൂരിഭാഗം മത്സരങ്ങളിലും ഇന്ത്യയുടെ സൈഡ് ബെഞ്ചിലായിരുന്നു. ഓസ്‌ട്രേലിയയില്‍ ഒരു ഏകദിനത്തില്‍ മാത്രമാണ് കുല്‍ദീപിന് കളിക്കാന്‍ അവസരം കിട്ടിയത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കുല്‍ദീപ് കളിച്ചു. പക്ഷേ. ഈ മത്സരങ്ങളിൽ ഒന്നും തന്നെ കുൽദീപിന് തിളങ്ങാൻ സാധിച്ചില്ല. ഒരിക്കൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ ആയിരുന്ന താരമായിരുന്ന കുൽദീപ് ഇപ്പോൾ പണ്ടത്തെ ഫോമിൻ്റെ അടുത്തെങ്ങും എത്താനാവതെ കഷ്ടപ്പെടുകയാണ്. കുൽദീപിന് പകരം വന്ന താരങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചതോടെയാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്.
ഇപ്പോൾ ഐപിഎല്ലില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ പോലും താരം സ്ഥിരം സാന്നിധ്യമില്ല. കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഒരു അന്താരാഷ്ട്ര ടി20 മത്സരം പോലും കുല്‍ദീപ് കളിച്ചിട്ടില്ല. കൊല്‍ക്കത്തയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും കുല്‍ദീപിനെ അലട്ടുന്നില്ല. ടീമില്‍ ഇടം കിട്ടിയില്ലെങ്കില്‍ അത് തന്നെ ബാധിക്കുന്ന ഒന്നല്ലെന്നാണ് കുല്‍ദീപ് പറയുന്നത്. ''ഐപിഎല്ലില്‍ ഏറ്റവും മികച്ച സ്പിൻ ബോളർമാരുള്ള ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സാഹചര്യത്തിനും പിച്ചിനും അനുസരിച്ച് കളിക്കുന്ന ഒരു നിര തന്നെ കൊല്‍ക്കത്തയ്ക്കുണ്ട്. ടീമിൽ ഉള്‍പ്പെടുമോ ഇല്ലയോ എന്നുള്ള കാര്യം എന്നെ ബാധിക്കുന്നതല്ല. ടീം മാനേജ്‌മെന്റിന് എന്റെ സേവനം ആവശ്യമെന്ന് തോന്നിയാൽ അവർ എന്നെ ഉൾപ്പെടുത്തും. എൻ്റെ പരമാവധി കഴിവ് ഉപയോഗിച്ച് ടീമിൽ ഇടം നേടാൻ തന്നെയാണ് ഞാനും ശ്രമിക്കുന്നത്." കുൽദീപ് പറഞ്ഞു.
ഒരു വ്യക്തി, താരം എന്ന നിലയില്‍ എന്റെ 100 ശതമാനവും നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ടീമിലെ മുതിർന്ന സ്പിന്നറായ ഹര്‍ഭജന്‍ സിംഗുമായി ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ പ്രതീക്ഷയോടെയാണ് ഞാൻ കാത്തിരുന്നത്. രണ്ട് മാസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരമുണ്ട്. ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വലിയ താരമാണ് അദ്ദേഹം. ആ പരിചയസമ്പത്ത് എനിക്ക് ഗുണം ചെയ്യും.'' കുല്‍ദീപ് കൂട്ടിച്ചേർത്തു.
Also Read- ടി20 ശൈലിയിലേക്കുള്ള മാറ്റത്തിൽ തുണയായത് ദ്രാവിഡിന്റെ വാക്കുകൾ: ചേതേശ്വർ പൂജാര
അതേസമയം ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎല്ലിൻ്റെ പതിനാലാം സീസണിൽ ഏപ്രിൽ 11 ഞായറാഴ്ച ആണ് കൊൽക്കത്തയുടെ ഈ സീസണിലെ ആദ്യ മത്സരം. സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് കൊൽക്കത്ത ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ ദിനേശ് കർത്തിക്കിൽ നിന്നും കൊൽക്കത്തയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ഇംഗ്ലണ്ട് താരം ഒയിൻ മോർഗന് കീഴിൽ ലീഗിലെ ആദ്യ പകുതിയിലെ മോശം പ്രകടനത്തിൽ നിന്ന് വലിയൊരു തിരിച്ചു വരവാണ് അവർ നടത്തിയത്. മോർഗന് കീഴിൽ അഞ്ചാം സ്ഥാനത്ത് ആണ് കഴിഞ്ഞ സീസൺ കൊൽക്കത്ത അവസാനിപ്പിച്ചത്. നിർഭാഗ്യം കൊണ്ട് മാത്രമാണ് അവർക്ക് പ്ലേ ഓഫിൽ പ്രവേശിക്കാൻ കഴിയാതെ പോയത്.
കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് നിന്നും തുടങ്ങാൻ തന്നെ ആവും മോർഗനും കൂട്ടരും ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ ആന്ദ്രേ റസൽ ഇക്കുറി ഫോമിലാണ്. കൂടാതെ ലോകത്തിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ബംഗ്ലാദേശി താരം ഷാകിബ് അൽ ഹസൻ കൊൽക്കത്തയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊൽക്കത്ത ഇതിന് മുൻപ് കിരീടം നേടിയ 2012,14 വർഷങ്ങളിൽ താരം ടീമിൽ അംഗമായിരുന്നു. ഷാക്കിബിൻ്റെ വരവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടാനുള്ള ഭാഗ്യം കൊണ്ടുവരുമോ എന്ന് കണ്ടറിയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.